ഉടുമ്പന്നൂർ : ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പുഷ്പഗ്രാമം പദ്ധതിയുടെ ഭാഗമായി നടീൽ ഉത്സവങ്ങൾ നടന്നു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുഷ്പ ഗ്രാമം നടപ്പിലാക്കുന്നത്. കാർഷിക മേഖലയിൽ കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ച് ഒരു വാർഡിൽ ഒരു പച്ചക്കറി എന്ന ആശയം മുൻനിർത്തി പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി 17 ഏക്കറോളം അധികമായി വിവിധ പച്ചക്കറികൾ കൃഷി ചെയ്ത് വിജയകരമായി വിളവെടുപ്പ് നടത്തിയ ജൈവ പച്ചക്കറി ഗ്രാമം പദ്ധതി ശ്രദ്ധേയമായിരുന്നു. ഇതിന്റെ തുടർച്ചയായി ഓണ വിപണി ലക്ഷ്യമിട്ടുള്ള കൃഷിക്കൂട്ടങ്ങളുടെ പച്ചക്കറി കൃഷിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഉടുമ്പന്നൂരിന്റെ ഓണം നാടിന്റെ പച്ചക്കറിയും പൂവും കൊണ്ട് എന്ന ആശയം മുൻനിർത്തി നിലവിലുള്ള കൃഷിക്കൂട്ടങ്ങളുടേയും അധികമായി രജിസ്റ്റർ ചെയ്ത വനിതാ ഗ്രൂപ്പുകളുടേയും നേതൃത്വത്തിൻ പുഷ്പകൃഷിക്ക് തുടക്കമായത്.
വിവിധ വാർഡുകളിലായി 19 ഇടങ്ങളിൽ രണ്ടര ഏക്കറോളം സ്ഥലത്താണ് പ്രാഥമിക ഘട്ടത്തിൽ വിവിധ ഇനം ബന്തികൾ, വാടാ മുല്ല തുടങ്ങിയ പൂക്കളുടെ കൃഷി ആരംഭിച്ചത്.
നടീൽ ഉത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മലയിഞ്ചിയിൽ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിച്ചു. വിവിധ വാർഡുകളിൽ വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശാന്തമ്മ ജോയി, സി. ഡി. എസ് ചെയർപേഴ്‌സൺ ഷീബ ഭാസ്‌ക്കരൻ, വാർഡ് മെമ്പർമാരായ രമ്യ അജീഷ്, ജമാൽ പി.എസ്, ജോൺസൺ കുര്യൻ, രഞ്ജിത്ത് പി.എസ്, അൽഫോൻസ മാത്യു, കെ.ആർ ഗോപി, ജിൻസി സാജൻ, ബിന്ദു രവീന്ദ്രൻ, ടി.വി രാജീവ്, ശ്രീമോൾ ഷിജു എന്നിവർ നടീൽ ഉത്സവങ്ങൾ ഉദ്ഘാടനം ചെയ്തു. വിവിധ ഇടങ്ങളിൽ കൃഷി അസിസ്റ്റന്റ് മാരായ ബുഷറ കെ.ഐ, റംല, സി. ഡി. എസ്, എ. ഡി. എസ് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.