മുട്ടം: മലങ്കര ടൂറിസം ഹബ്ബിനോട് സർക്കാരും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റി യോഗത്തിൽ തീരുമാനം. നിരവധി ടൂറിസം പദ്ധതികളാണ് മലങ്കര ഹബ്ബിലേക്ക് പ്രഖ്യാപിച്ചത്. എന്നാൽ അതിൽ ഒന്ന് പോലും യാഥാർത്ഥ്യമാക്കുന്നതിന് സർക്കാരും മന്ത്രി റോഷി അഗസ്റ്റിനും താത്പര്യപ്പെടുന്നില്ലെന്ന് ടൂറിസം കൾച്ചറൽ സൊസൈറ്റി പ്രവർത്തകർ പറയുന്നു. കുട്ടികളുടെ പാർക്ക് മാത്രം സജ്ജമാക്കിയിട്ട് 2019 നവംബർ രണ്ടിനാണ് മലങ്കര ടൂറിസം ഹബ്ബ് ഉദ്ഘാടനം ചെയ്തത്. ജലവിഭവം, ടൂറിസം വകുപ്പുകളുടെ സംയുക്ത സംരഭമായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്. എന്നാൽ ഉദ്ഘാടനത്തിന് ശേഷം അഞ്ച് വർഷങ്ങൾ പൂർത്തിയാകാറായിട്ടും മറ്റ് യാതൊരു വികസന പദ്ധതികളും ഇവിടേക്ക് എത്തിക്കാൻ സർക്കാർ താത്പര്യം കാണിക്കാത്ത അവസ്ഥയാണ്. ജില്ലക്കാരനും ജലവിഭവ വകുപ്പിന്റെ ചുമതലക്കാരനുമായ മന്ത്രി റോഷി അഗസ്റ്റിനെ ടൂറിസം കൾച്ചറൽ സൊസൈറ്റി പ്രവർത്തകരും മറ്റ് വിവിധ സംഘടനകളും ഹബ്ബിന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി തവണ സമീപിച്ചെങ്കിലും വിവിധ ടൂറിസം പദ്ധതികൾ ഇവിടേക്ക് എത്തിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന നടപടികളാണ് മന്ത്രിയിൽ നിന്ന് തുടർച്ചയായിട്ടുണ്ടാകുന്നതെന്ന് അവർ പറഞ്ഞു.
മലങ്കര ഹബ്ബിനോട് സർക്കാരും മന്ത്രി റോഷി അഗസ്റ്റിനും കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുട്ടം എം.വി.ഐ.പി ഓഫീസിലേക്ക് ജനകീയ മാർച്ചും ധർണ്ണയും മുട്ടം ടൗണിൽ പ്രതിഷേധ യോഗവും നടത്താൻ ടൂറിസം കൾച്ചറൽ സൊസൈറ്റി യോഗം തീരുമാനിച്ചു. സോസൈറ്റി പ്രസിഡന്റ് ടോമി ജോർജ് മൂഴിക്കുഴിയിൽ, സെക്രട്ടറി സുബൈർ പി.എം, സമദ് എൻ.എം, വിവിധ സംഘടന നേതാക്കളായ സുജി മാസ്റ്റർ, കൃഷ്ണൻ കണിയാപുരം, ഷബീർ എം.എ, അജയൻ താന്നിക്കാമറ്റം, സിജോ കളരിക്കൽ എന്നിവർ സംസാരിച്ചു.
പദ്ധതികൾ
പ്രഖ്യാപനത്തിൽ മാത്രം
മലങ്കര ഹബ്ബ്, കുടയത്തൂർ, വയനക്കാവ് പ്രദേശങ്ങളെ ബന്ധിപ്പിച്ച് വാട്ടർ തീം പാർക്ക്, മലങ്കര അണക്കെട്ട് കേന്ദ്രീകരിച്ച് ഇറിഗേഷൻ ടൂറിസം എന്നിവ മന്ത്രി റോഷി അഗസ്റ്റിൻ അടുത്ത നാളുകളിൽ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഒരു കോടിയുടെയും മൂന്ന് കോടിയുടെയും എന്നിങ്ങനെ മറ്റ് രണ്ട് പദ്ധതികളും മലങ്കരയിലേക്ക് മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതൊക്കെ വെറും പ്രഖ്യാപനങ്ങൾ മാത്രമായി മാറി.