തൊടുപുഴ: രാജിവയ്ക്കണമെന്ന സി.പി.എമ്മിന്റെ നിർദ്ദേശം ധിക്കരിച്ച് അവധിയിൽ പോയ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് നഗരസഭാ ഭരണസമിതിയെയും ഇടതുപക്ഷത്തെയും ഒരുപോലെ വെട്ടിലാക്കി. ചൊവ്വാഴ്ച രാജിവയ്ക്കുമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ച ചെയർമാൻ ഇതുവരെ നഗരസഭയിൽ എത്തിയിട്ടില്ല. രണ്ടു ദിവസമായി ചെയർമാന്റെ ഔദ്യോഗിക നമ്പറും സ്വകാര്യ നമ്പറും സ്വിച്ച് ഓഫാണ്. ചെയർമാൻ എവിടെയാണെന്ന് ഇടതുപക്ഷ കൗൺസിലർമാർക്കും അറിയില്ല. താൻ തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ രാജി വയ്ക്കേണ്ടതില്ലെന്നാണ് സനീഷിന്റെ നിലപാട്. അറസ്റ്റ് തടയാനും മുൻകൂർ ജാമ്യത്തിനും കോടതി വഴി നീക്കം നടത്തുന്നുണ്ട്. അതേസമയം,​ ആദ്യം രാജി സന്നദ്ധത അറിയിച്ച ചെയർമാൻ പിന്നീട് മലക്കം മറിഞ്ഞത് പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണെന്നും വാർത്തകളുണ്ട്. രണ്ട് മാസം മുമ്പ്, ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് തിരികെ പോകാൻ കോൺഗ്രസിലെ ചില നേതാക്കളുമായി സനീഷ് ജോർജ്ജ് ചർച്ച നടത്തിയിരുന്നെന്ന് വിവരമുണ്ട്. നഗരസഭയിലെ ഒമ്പതാം വാർഡായ പെട്ടേനാട്ടിൽ 30ന് നടക്കുന്ന ഉപതിര‌ഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചാൽ എൽ.ഡി.എഫിനുള്ള പിന്തുണ പിൻവലിച്ച് യു.ഡി.എഫിനൊപ്പം ചേരാനായിരുന്നു ആലോചന. എന്നാൽ ഇതുസംബന്ധിച്ച് സൂചന ലഭിച്ച സി.പി.എം തന്നെ ഇടപെട്ട് ചെയർമാനെ കൈക്കൂലി കേസിൽപ്പെടുത്തിയതാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചു കഴിഞ്ഞാൽ ചെയർമാൻ പരസ്യമായി മാദ്ധ്യമങ്ങളെ കണ്ട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് വിവരം. തുടർന്ന് യു.ഡി.എഫിൽ ചേക്കേറാനും നീക്കങ്ങൾ നടത്തുന്നുണ്ട്. സനീഷ് ജോർജ്ജിന്റെ രാഷ്ട്രീയഗുരുവായ കോൺഗ്രസ് നേതാവ് തന്നെയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നാണ് സൂചന.

തദ്ദേശതിര‌ഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷമില്ലാതിരുന്ന എൽ.ഡി.എഫ് 12-ാം വാർഡിൽ നിന്ന് കോൺഗ്രസ് വിമതനായി വിജയിച്ച സനീഷ് ജോർജിനെയും ഒമ്പതാം വാർഡിൽ നിന്ന് മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേർത്താണ് നഗരസഭാ ഭരണം പിടിച്ചത്. ഇതിൽ ജെസി ജോണിയെ പിന്നീട് കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയിരുന്നു. ഇതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 35 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് പതിന്നാലും യു.ഡി.എഫിന് പന്ത്രണ്ടും ബി.ജെ.പിക്ക് എട്ടും അംഗങ്ങളാണ് നിലവിലുള്ളത്. ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചാൽ കക്ഷിനില തുല്യമാകും. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ഏതായാലും ഉപതിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ മുനിസിപ്പൽ ചെയർമാന്റെ പേരിൽ ഉയർന്നിരിക്കുന്ന ആരോപണം മറികടന്ന് തിരഞ്ഞെടുപ്പിനെ നേരിടാൻ എൽ.ഡി.എഫും അവസരം മുതലെടുക്കാൻ യു.ഡി.എഫും ശ്രമം തുടങ്ങി.

ചെയർമാന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കേക്കൂലിക്കേസിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം നൽകി. ചെയർമാൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് കേസ് തീർപ്പാക്കും വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിർദേശം നൽകിയത്. കേസിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സനീഷ് ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയ്ക്കു പുറമെ ഇന്നലെ മുൻകൂർ ജാമ്യ ഹർജിയും നൽകിയിരുന്നു. കേസ് പരിഗണിക്കുന്ന 22 വരെയാണ് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയത്. ചോദ്യം ചെയ്യലിനായി മുട്ടത്തെ വിജിലൻസ് ഓഫീസിൽ ചൊവ്വാഴ്ച ഹാജരാകാനായിരുന്നു ചെയർമാനോട് നിർദേശിച്ചിരുന്നത്. എന്നാൽ അറസ്റ്റ് ഭയന്ന് രോഗബാധിതനാണെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം ഒരാഴ്ചത്തേയ്ക്ക് അവധി ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് സനീഷ് ജോർജ് അഡ്വ. ടോം തോമസ് പൂച്ചാലിൽ, പി.ടി. ഷീജിഷ് എന്നിവർ മുഖാന്തരം കോടതിയെ സമീപിച്ച് അറസ്റ്റു തടയാനുള്ള ഉത്തരവ് നേടിയത്. എങ്കിലും ചോദ്യം ചെയ്യലിനുൾപ്പെടെയുള്ള നടപടികൾക്ക് തടസമുണ്ടാവില്ല. ഒരാഴ്ചയ്ക്ക് ശേഷം നടപടികളിലേയ്ക്ക് കടക്കാനാണ് വിജിലൻസ് നീക്കം.