kanjiar



കക്കാട്ടുകടയിൽറോഡ് ഇടിഞ്ഞു താഴ്ന്നുള്ള അപകടം ഒഴിവാക്കാൻ നടപടി

കട്ടപ്പന :റോഡ് ഇടിഞ്ഞ് താഴ്ന്ന് സമീപത്തെ വീട് അപകടാവസ്ഥയിലായതോടെ പരിസരവാസികൾ പഞ്ചാത്ത്പടിക്കൽ സമരത്തിനെത്തി. പ്രതിഷേധങ്ങൾക്കൊടുവിൽ അപകടാവസ്ഥയ്ക്ക് താൽക്കാലിക പരിഹാരം കണ്ട് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്.കാഞ്ചിയാർ കക്കാട്ടുകടയിൽ ആറിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ റോഡ് ഇടിഞ്ഞു താഴുകയും സമീപമുള്ള വീട് അപകടാവസ്ഥയിലായിരുന്നു. മഴ ശക്തമായതോടെ സംരക്ഷണഭിത്തി ഇടിഞ്ഞടുത്ത് വലിയ അള്ള് രൂപപ്പെടുകയും വീട് പൂർണമായി അപകടാവസ്ഥയിലുമായി. ഇതോടെ വീടിന്റെ ഉടമയും കുടുംബാംഗങ്ങളും വില്ലേജ് ഓഫീസിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. നടപടി ഉണ്ടാകുമെന്ന് പറഞ്ഞതല്ലാതെ ഫലമുണ്ടായില്ല. ഇതോടെ വീണ്ടും പ്രതിഷേധവുമായി വില്ലേജ് ഓഫീസിൽ കുടുംബം പോകാനിരിക്കെയാണ് പ്രാദേശവാസികൾ ഒന്നാകെ അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലെത്തിയത്.
നിലവിൽ മേഖലയിലെ നിരവധി കുടുംബങ്ങളുടെ സഞ്ചാരമാർഗ്ഗവും തടസ്സപ്പെട്ടു കിടക്കുകയാണ്.പ്രദേശവാസികൾ ഒന്നടങ്കം പഞ്ചായത്തിൽ എത്തിയതിനു പിന്നാലെയാണ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള അധികാരികൾ സംഭവസ്ഥലത്തെത്തി അടിയന്തര നടപടി കൈകൊണ്ടത്. മഴവെള്ളപ്പാച്ചിനെ തുടർന്ന് രൂപപ്പെട്ട അള്ള് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പാറ ഇട്ട് അടയ്ക്കാനുള്ള നടപടിയാണ് സ്വീകരിച്ചത്. വീടിന് വേണ്ട എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ പറഞ്ഞു.
നിലവിൽ തത്കാലിക നടപടിയാണ് സ്വീകരിച്ചത്. സമീപത്ത് ചെക്ക് ഡാം നിർമ്മിക്കാനുള്ള നടപടികൾ നടന്നു വരികയാണ്. ചെക്ക് ഡാം നിർമാണത്തോട് അനുബന്ധിച്ച് മേഖലയിൽ പൂർണമായി സംരക്ഷണ ഭിത്തി നിർമ്മിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.