kochukarintharuvi

16 കോടി രൂപ കേന്ദ്രാവിഷ്‌കൃത ഫണ്ട് ചെലവഴിച്ച് നിർമിച്ച ഏലപ്പാറ ഉപ്പുതറ റോഡിന്റെ ഭാഗമായുള്ള റോഡാണിത്

പീരുമേട്: കഴിഞ്ഞ ഒരാഴ്ചയായി പെയ്യ്ത കനത്ത മഴയെ തുടർന്ന് ഏലപ്പാറ ഉപ്പുതറ പി.എം ജി എസ് .വൈ . റോഡിലെ കൊച്ചുകരിന്തരുവി പാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു. കനത്ത മഴയെ തുടർന്നാണ് സംരക്ഷണ ഭിത്തി തകർന്നത്. ഇതോടെ പാലം അപകട ഭീഷണിയിലായി.2019 ലാണ് തോടിനു കുറുകെ പാലം പണിതത്.
പാലത്തിന്റെ സംരക്ഷണ ഭിത്തിയും കൈവരിയും 2020ലെ ശക്തമായ മഴയിൽ തകർന്നിരുന്നു. കോൺക്രീറ്റ് തൂണുകൾക്ക് ബലക്ഷയം സംഭവിക്കുകയും പാലത്തിലെ ടാറിങും തകർന്നിരുന്നു. തുടർന്ന് പാലം പുനർ നിർമിക്കണമെന്ന ആവശ്യമുന്നയിച്ച് നാട്ടുകാർ പ്രക്ഷോഭം നടത്തി.പ്രകൃതി ദുരന്തത്തിൽ തകർന്നതിനാൽ പാലത്തിന് പുതിയഫണ്ട് അനുവദിക്കണം എന്നായിരുന്നു കരാറുകാരന്റെ ആവശ്യം. എന്നാൽ റോഡു പണി പൂർത്തിയാകുന്നതിന് മുൻപ് തകർന്നതിനാൽ കരാറുകാരൻ തന്നെ പാലം പണിയണം എന്ന് അധികൃതർ നിലപാടു സ്വീകരിച്ചു. തുടർന്ന് കരാറുകാരൻ തന്നെ പുതിയ പാലം പണിതു. ഇതിനോടനുബന്ധിച്ച് പണിത സംരക്ഷണ ഭിത്തിയാണ് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ തകർന്നത്

=സംരക്ഷണ ഭിത്തി നിർമിച്ചില്ലെങ്കിൽ പാലത്തിന് ബലക്ഷയമുണ്ടാകും. പാലത്തിനോട് ചേർന്ന മൺതിട്ട ഉൾപ്പടെ തകരാൻ സാദ്ധ്യതയുണ്ട്. സംരക്ഷണഭിത്തി അടിയന്തിരമായും നിർമ്മിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.