തൊടുപുഴ: തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജിനെ കൈക്കൂലിക്കേസിൽ കുടുക്കിയതും സംരക്ഷിക്കുന്നതും ജില്ലയിലെ സി.പി.എം നേതാക്കളാണെന്ന് ബ്ലോക്ക് കോൺഗ്രസ് ആക്ടിംഗ് പ്രസിഡന്റ് ഷിബിലി സാഹിബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കാത്ത കുമ്പംകല്ല് ബി.ടി.എം സ്കൂളിന് നിയമപ്രകാരം ഫിറ്റ്‌നസ് നൽകാനാകില്ല. സി.പി.എം നേതാവിന്റെ അടുത്ത സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ. ഫിറ്റ്നസ് നൽകാത്തത് സംബന്ധിച്ച് അദ്ദേഹം ചോദിച്ചപ്പോൾ അസി. എൻജിനിയർ കൈക്കൂലിക്കാരനാണെന്നാണ് ചെയർമാൻ പറഞ്ഞത്. അങ്ങനെയാണ് ചെയർമാൻ രണ്ടാം പ്രതിയായത്. അതിന് പിന്നിൽ ദുരൂഹതയുണ്ട്. ഒന്നും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്യുമ്പോൾ രണ്ടാംപ്രതിയായ ചെയർമാൻ ചേമ്പറിലുണ്ടായിരുന്നിട്ടും അറസ്റ്റ് ചെയ്യാത്തതിന് പിന്നിലും ദുരൂഹതയുണ്ട്. പ്രതിയായ ശേഷം രണ്ട് ദിവസം ചെറുതോണിയിലെയും തൊടുപുഴയിലെയും പാർട്ടി ഓഫീസുകളിൽ സനീഷ് ജോർജ്ജ് സജീവമായി പങ്കെടുത്തിട്ടും വിജിലൻസിന് കൈമാറാൻ സി.പി.എം തയ്യാറായില്ല. ആരോഗ്യകാരങ്ങൾ ചൂണ്ടിക്കാട്ടി അവധിയിൽ പോയതും വൈസ് ചെയർപേഴ്സനെ ചുമതല ഏൽപ്പിച്ചതും സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ്. സി.പി.എമ്മുകാരനായ പ്രോസിക്യൂട്ടർ എതിർത്തിരുന്നെങ്കിൽ വിജിലൻസ് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടാകില്ലായിരുന്നു. എല്ലാം നടന്നത് സി.പി.എമ്മിന്റെ ഉന്നത നേതാക്കളുടെ ഒത്താശയോടും സഹായത്തോടും കൂടിയാണ്. വിജിലൻസ് കേസിൽ പ്രതിയായ സനീഷ് ജോർജ്ജിനെ രാജി വയ്പ്പിച്ച് അറസ്റ്റ് ചെയ്യണമെന്നാണ് കോൺഗ്രസ് നിലപാട്. മറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രീയ വിരോധം തീർക്കാനാണ്. ചെയർമാനെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ച് കൈകഴുകാമെന്ന് സി.പി.എം വ്യാമോഹിക്കേണ്ട. വിജിലൻസ് കേസിലും കൈക്കൂലി കേസിലും പ്രതിയായവരെ സംരക്ഷിക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ല. രാഷ്ട്രീയ കേസുകളല്ലാതെ ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർ ഭാരവാഹികൾ പോലുമാകാൻ പാടില്ലെന്ന് വിലക്ക് ഏർപ്പെടുത്തിയ പാർട്ടിയാണ് കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി റോബിൻ മൈലാടി, വൈസ് പ്രസിഡന്റ് സുരേഷ് രാജു എന്നിവരും പങ്കെടുത്തു.