പീരുമേട്: വാഗമണ്ണിൽ ശുചി മുറിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരം വാഗമൺ ടൗണിൽ പൊലീസ് സ്റ്റേഷന് സമീപമാണ് ശുചിമുറി നിർമ്മിച്ചത്. വാഗമൺ ടൗണിൽ എത്തുന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് ഗുണകരമാകേണ്ട ശുചിമുറിയുടെ പ്രവർത്തനം തുടങ്ങാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ശുചിത്വമിഷന്റെ 5 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് ശുചിമുറി നിർമ്മിച്ചത് . ഉദ്ഘാടനത്തിനുശേഷം നാലുമാസം മാത്രമാണ് ശുചിമുറി പ്രവർത്തിച്ചത് .
കെട്ടിടം വൈദ്യുതീകരിക്കാനും മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനും ആയി ഏലപ്പാറ പഞ്ചായത്ത് എഴുപത്തി അയ്യായിരം രൂപ അനുവദിച്ചു .എന്നാൽ ടെൻഡർ നടത്തി ഇതിന്റെ തുടർ പ്രവർത്തനങ്ങൾ തുടങ്ങാൻ കാലതാമസം നേരിട്ടു . ജില്ലാ പഞ്ചായത്തിൽ നിന്ന് കെട്ടിടം വൈദ്യുതികരിക്കാൻ അനുമതി ലഭിക്കാൻ വൈകിയതായിരുന്നു കാരണമെന്ന് പഞ്ചായത്ത് അംഗം പറയുന്നു . നിലവിൽ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായി വെള്ളത്തിനായി കുഴൽ കിണർ നിർമ്മിച്ചിട്ടുണ്ട് മോട്ടോറും , വയറിങ് പൂർത്തീകരിച്ചാൽ കെട്ടിടം തുറന്നു പ്രവർത്തിക്കാൻ കഴിയുമെന്ന് പഞ്ചായത്ത് അംഗം പ്രദീപ്കുമാർ പറഞ്ഞു.