place
ബൈക്കുകളും നാക്ക് സാധനങ്ങളും കിടന്നിരുന്ന സ്ഥലം വൃത്തിയാക്കിയ നിലയിൽ

കുമളി :കുമളി കെ .എസ്ആർടിസി ബൈപാസിലെ ബൈക്കുകളും അക്രികളും അപ്രത്യക്ഷമായി. കുമളി ബൈപ്പാസിലെ ഉപേക്ഷിക്കപ്പെട്ട ബൈക്കുകളും അക്രി സാധനങ്ങളും മായാജാലം പോലെ അപ്രതൃക്ഷമായി. ചൊവ്വാഴ്ച 'കേരള കൗമുദി' ഇതേപ്പറ്റി റിപ്പോർട്ട് ചെയ്തതിന് പിന്നാല രാത്രിയിൽ തന്നെ ഇവ മാറ്റുകയായിരുന്നു. കുമളിയിലെ ബൈപ്പാസ് റോഡുകളിൽ പോലീസ് നിരീക്ഷണവും ആരംഭിച്ചു.
കുമളി മൂന്നാർ റോഡിൽ ബഥനി നഴ്സറി സ്‌കൂളിന് സമീപത്ത് നിന്നാരംഭിച്ച് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പിന്നിലൂടെ കെ. കെ റോഡിലേക്കുള്ള കോൺക്രീറ്റ് ബൈപ്പാസ് റോഡരികിലാണ് രണ്ട് ബൈക്കുകളും അക്രികളും തള്ളിയിരുന്നത്. ബൈക്കുകകളിലെ നമ്പർ പ്‌ളേറ്റ് വ്യക്തമാണ്. മുൻവശത്തെ ടയറുകൾ ഊരി മാറ്റിയ നിലയിലാണ്. ഉടമസ്ഥനുണ്ടായിരുന്ന ബൈക്കുകൾ എങ്ങനെ ഇവിടെയെത്തിയെന്നത് ദുരൂഹം. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയില്ലാതെ വാഹനങ്ങൾ പൊളിക്കാൻ പാടില്ല. പൊളിക്കുന്ന കേന്ദ്രങ്ങൾക്ക് സർക്കാരിന്റെ ലൈസൻസും ഉണ്ടായിരിക്കണം. മോട്ടോർ വാഹന വകുപ്പിന്റെ അനുമതി പൊളിക്കുന്ന ഇത്തരം കേന്ദ്രങ്ങളിൽ ഉണ്ടാവണം. കുമളിയിൽ കണ്ട ബൈക്കുകൾ മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. മോഷണമുതലാണെന്നാണ് സൂചന. കുമളിക്കും പെരുവന്താനത്തിനുമിടയിൽ ഒട്ടേറെ വാഹനങ്ങൾ കത്തിയ നിലയിലും അല്ലാതെയും ഉപേക്ഷിച്ചിട്ടുള്ളതിനേപ്പറ്റിയും യാതൊരു വിധ അന്വേഷണവുമില്ല. ഈ റൂട്ടിൽ പ്രത്യേകിച്ച് പെരുവന്താനം കുട്ടിക്കാനം ഭാഗത്ത് കത്തിയ നിലയിൽ വാഹനങ്ങൾ കാണപ്പെടുന്നതിലും ദുരൂഹതയേറെയാണ്. കുമളിയിലെ വിജനമായ റോഡുകളിലെ മദ്യം മയക്കുമരുന്ന് ലോബിയുടെ പ്രവർത്തനം സജീവമായത് പട്രോളിംഗിലെ പിഴവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.