road
റോഡിന്റെ സമീപമുള്ള കൈത്തോടിന്റെ മൺഭിത്തികൾ അപകടഭീഷണിയിൽ ആയപ്പോൾ

കട്ടപ്പന: സബ് ട്രഷറിക്ക് മുൻഭാഗത്തെ റോഡിന് സമീപത്തുകൂടി ഒഴുകുന്ന കൈത്തോടിന്റ സംരക്ഷണഭിത്തി ഇടിയുന്നു. സംരക്ഷണമായി മൺഭിത്തി മാത്രമാണ് തോടിന്റെ ഇരുവശത്തുമുള്ളത്. മഴ പെയ്യുന്നതോടെ മൺതിട്ട ഇടിയുന്നു എന്നാണ് സമീപത്തെ വ്യാപാരികളും പ്രദേശവാസികളും പറയുന്നത്. ട്രഷറിയിലേക്കും മൃഗാശുപത്രിയിലേക്കും എത്തുന്നവരുടെ ഉൾപ്പെടെ വാഹനങ്ങൾ പലപ്പോഴും റോഡിന്റെ വശങ്ങളിലാണ് പാർക്ക് ചെയ്യുന്നത്. കൂടാതെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി ആളുകളാണ് റോഡിന്റെ വശത്തുകൂടി കാൽനടയായി സഞ്ചരിക്കുന്നതും. ഈ ഭാഗത്തെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞു പോകുന്നത്.മഴ ശക്തമാകുന്നതോടെ കൈത്തോട്ടിൽ നീരൊഴുക്ക് വർദ്ധിക്കുകയും സംരക്ഷണഭിത്തി കൂടുതൽ ഇടിയാനുള്ള സാഹചര്യവുമാണ് നിലനിൽക്കുന്നത്. നിലവിലെ അപകടാവസ്ഥ പരിഹരിക്കനോ അപകട മുന്നറിയിപ്പ് നൽകനോ യാതൊരുവിധ നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. താൽക്കാലിക മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നതിനൊപ്പം അടിയന്തരമായി തോടിന്റെ സംരക്ഷണഭിത്തി നിർമ്മിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.