പീരുമേട് : വണ്ടിപ്പെരിയാർ ഗവ. യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അയൽവാസി ഉപദ്രവിച്ചതായി പരാതി. മഞ്ചു മല പഴയകാട് സ്വദേശിയും യു.പി.സ്‌കൂൾ വിദ്യാർത്ഥിയായ സുജിത്താണ് പൊലീസിൽ പരാതി നൽകിയത്.
തിങ്കളാഴ്ച വൈകിട്ടായിരുന്നുസംഭവം. വിദ്യാർഥിയായ സുജിത്ത് സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ അയൽവാസിയായ ഓട്ടോ ഡ്രൈവർ വയറിന് ഇടിക്കുകയും, നിലത്തിട്ട് മർദിക്കുകയായിരുന്നു എന്നാണ് സുജിത്ത് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
കുട്ടിയുടെ പരാതിയിൽ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദ്ദനത്തേതുടർന്ന് മൂത്രവും രക്തവും ഒഴുകുകയായിരുന്നുവെന്നും പൊലീസിൽ അറിയിച്ചപ്പോൾ ഒത്തുതീർപ്പിനാണ് ഇവർ ശ്രമിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് സുജിത്ത് താമസിക്കുന്നത്. പിന്നീട് വയറുവേദന അനുഭവപ്പെട്ടതിനെതുടർന്ന് കുട്ടിയെ ചികിത്സയ്ക്ക് വിധേയനാക്കി. സംഭവത്തിൽ പൊലീസ് നടപടി എടുത്തില്ലന്നും ചൈൽഡ് ലൈനിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.