തൊടുപുഴ : മുൻസിപ്പൽ ചെയർമാന്റെ രാജി സിപിഎം ആവശ്യപ്പെടുന്നതും രാജി സമർപ്പിക്കാൻ ചെയർമാൻ തയ്യാറാവാത്തതും ഒതുകളിയാണെന്ന് യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ എൻ ഐ ബെന്നി, ചെയർമാൻ എ എം ഹാരിദ്, സെക്രട്ടറി അഡ്വ. ജോസി ജേക്കബ് എന്നിവർ ആരോപിച്ചു. മുനിസിപ്പൽ ചെയർമാന് എതിരെ അഴിമതി കേസ് വന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടാണ് സിപിഎം രാജിയെക്കുറിച്ച് ആലോചിച്ചത്. തൊടുപുഴ നഗരസഭയിൽ സംഭവിച്ചിട്ടുള്ളതിനെല്ലാം ഉത്തരവാദി സിപിഎമ്മും ഇടതുമുന്നണിയുമാണ്. അവരാണ് നഗരസഭയിൽ കൂറുമാറ്റം പ്രോത്സാഹിപ്പിച്ചത്. എന്നാൽ ചെയർമാനായ വ്യക്തിയെ ഭരണകാലത്ത് സഹായിക്കാൻ സിപിഎം സംവിധാനം ഒന്നും ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല കൗൺസിൽ പ്രവർത്തനങ്ങളിൽ പരിചയമുള്ള മുതിർന്ന കൗൺസിലർമാരെ അകറ്റിനിർത്തുകയും ചെയ്തു. തൊടുപുഴയുടെ വികസനത്തിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ല. പദ്ധതികൾ ചോദിച്ച് വാങ്ങാൻ നഗരസഭയ്ക്ക് കഴിയാതെയും പോയി. പ്ലാൻ പദ്ധതികൾ പോലും സമയബന്ധിതമായി പൂർത്തീകരിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല. ല്ലാം നേടിയ ശേഷം ചെയർമാനെ തള്ളി പറയുകയാണ് സിപിഎം ചെയ്തത്.