2018ലെ മഹാപ്രളയത്തെ തുടർന്ന് മരം വന്നിടിച്ചാണ് പാലം തകർന്നത്

ഒളമറ്റം പ്രദേശത്തെയും ഇടവെട്ടി തെക്കുംഭാഗത്തെയും ബന്ധിപ്പിക്കുന്ന പാലമായിരുന്നു

തൊടുപുഴ: പ്രളയത്തിൽ തകർന്ന ഒളമറ്റം കമ്പിപ്പാലം ആറുവർഷം കഴിഞ്ഞിട്ടും പുനർനിർമ്മിക്കാൻ ഒരു നടപടിയുമില്ല. പുഴ കടക്കാനാകാതെ കിലോമീറ്ററുകൾ വട്ടംചുറ്റിയാണ് ഇന്നും നാട്ടുകാർ തൊടുപുഴയ്‌ക്കെത്തുന്നത്. പാലത്തിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം വിവിധ മേഖലകളിൽ നിന്ന് ഉയർന്നിട്ടും അധികൃതർ കേട്ടഭാവം നടിക്കുന്നില്ല. 2018ലെ മഹാപ്രളയത്തെ തുടർന്ന് പുഴയിലുണ്ടായ ശക്തമായ ഒഴുക്കിലെത്തിയ മരം വന്നിടിച്ചാണ് പാലം തകർന്നത്. നിരവധി ജനങ്ങളുടെ യാത്രാക്ലശങ്ങൾ അകറ്റിയിരുന്ന പാലമാണ് തകർന്നത്. ഒളമറ്റം പ്രദേശത്തെയും ഇടവെട്ടി പഞ്ചായത്തിൽ ഉൾപ്പെടുന്ന തെക്കുംഭാഗത്തെയും ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഇത്. ബസ് റൂട്ട് കുറവുള്ള തെക്കുംഭാഗത്തെ വിദ്യാർത്ഥികളടക്കം നിരവധി പേരുടെ ആശ്രയമാണ് പ്രളയത്തിൽ ഇല്ലാതായത്. രോഗികളും ഗർഭിണികളും ആശുപത്രിയിലേക്കും മറ്റും കിലോമീറ്ററുകൾ ചുറ്റിയാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്. കാഞ്ഞിരമറ്റം, തെക്കുഭാഗം, കല്ലാനിക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ബസ് കയറാനായി കമ്പിപ്പാലം കടന്നായിരുന്നു തൊടുപുഴ- മൂലമറ്റം റൂട്ടിൽ ഒളമറ്റത്തെത്തിയിരുന്നത്. പാലം തകർന്നതോടെ ഇപ്പോൾ തൊടുപുഴ ടൗണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും എത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. കമ്പിപ്പാലത്തിന് പകരം കോൺക്രീറ്റ് പാലം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പലതവണ തങ്ങളുടെ ആവശ്യം അറിയിച്ചിട്ടും അധികൃതർ തുടരുന്ന അനങ്ങാപ്പാറ നയമാണ് തുടരുന്നതെന്ന് ജനങ്ങൾ പറയുന്നു.

ഏക ആശ്രയം കടത്ത്

ഇവിടെയുള്ളവരുടെ ഏക ആശ്രയം ഇപ്പോൾ സ്വകാര്യവ്യക്തി നടത്തുന്ന കടത്തുവള്ളം മാത്രമാണ്. എന്നാൽ മഴക്കാലത്ത് തോണിയാത്ര അപകടഭീഷണിയുയർത്തുന്നുണ്ട്. മഴക്കാലത്തും മലങ്കര ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുമ്പോഴും ഉണ്ടാകുന്ന ശക്തമായ ഒഴുക്കിൽ തോണി തുഴയുന്നത് വലിയ പ്രയാസമാണ്.

അനുവദിച്ച

30 ലക്ഷം വെള്ളത്തിലായി

തകർന്നുപോയ കമ്പിപ്പാലം പുനർനിർമ്മിക്കുന്നതിന് നാല് വർഷം മുമ്പ് 30,00,000 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ നിർമ്മാണം നടത്തിയില്ല. കോൺക്രീറ്റ് പാലം വേണമെന്ന് നാട്ടുകാർ ശഠിച്ചതും പാലത്തിന്റെ പുനർനിർമ്മാണത്തെ ബാധിച്ചു. ഇപ്പോഴും ഒരനക്കം പോലും തട്ടാതെ പാലം ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. വർഷങ്ങൾക്കു മുമ്പ് കടത്ത് തോണിയിലായിരുന്നു ഈ പ്രദേശത്തുള്ളവർ പുഴ കടന്നിരുന്നത്. പിന്നീട് പി.ടി. തോമസിന്റെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് ഇരു കരകളെയും ബന്ധിപ്പിച്ച് കമ്പിപ്പാലം നിർമ്മിച്ചത്. 16 വർഷം മുമ്പ് അറ്റകുറ്റപ്പണി നടത്തി പാലം ബലവത്താക്കിയിരുന്നു.