തൊടുപുഴ: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ അസി. എൻജിനിയറും കോൺട്രാക്ടറായ ഇടനിലക്കാരനും അറസ്റ്റിലായ സംഭവത്തിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ മാറി നിന്ന ചെയർമാൻ സനീഷ് ജോർജ്ജ് ഒമ്പത് ദിവസത്തിന് ശേഷം പൊതുമദ്ധ്യത്തിലെത്തി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ രാവിലെ 11.15ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് ചെയർമാൻ മാദ്ധ്യമങ്ങളെ കണ്ടത്. സി.പി.എമ്മിനെ പൂർണമായും തള്ളി പറഞ്ഞില്ലെങ്കിലും രാജി വയ്ക്കണമെന്ന പാർട്ടി നിർദ്ദേശം അനുസരിക്കില്ലെന്ന് വ്യക്തമാക്കി. ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നത് താൻ കുറ്റസമ്മതം നടത്തുന്നതിന് തുല്യമാണെന്നാണ് സനീഷിന്റെ നിലപാട്. അവിശ്വാസ പ്രമേയം പോലുള്ള നടപടികളിലേക്ക് എൽ.ഡി.എഫ് കടന്നാൽ ചില കാര്യങ്ങൾ തനിക്കും പറയേണ്ടി വരുമെന്ന് ഭീഷണിയുടെ സ്വരവും സനീഷിന്റെ മറുപടിയിലുണ്ടായിരുന്നു.
അസി. എൻജിനീയർക്ക് കൈക്കൂലി നൽകാൻ സ്‌കൂൾ അധികൃതരോട് നിർദേശിച്ചിരുന്നോ എന്ന ചോദ്യത്തിന് ചെയർമാൻ മറുപടി പറഞ്ഞില്ല. മുൻകൂർ ജാമ്യാപേക്ഷ ഉൾപ്പെടെ കോടതിയുടെ പരിഗണനയിൽ ഇരുക്കുന്നതിനാൽ അക്കാര്യത്തിൽ പ്രതികരണമില്ലെന്ന് ചെയർമാൻ പറഞ്ഞു.അടുത്തയാഴ്ച വിജിലൻസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സനീഷിന്റെ തീരുമാനം.
നഗരസഭയിൽ ദാ വന്നു, ദാ പോയി...
കൈക്കൂലിക്കേസിൽപ്പെട്ടതിന് ശേഷം ആദ്യമായി നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് ഇന്നലെ വൈകിട്ട് നഗരസഭ ഓഫീസിലുമെത്തി. ഇന്നലെ വൈകിട്ട് നാല് മണിയോടെ തിടുക്കപ്പെട്ട് ഔദ്യോഗിക കാറിൽ നഗരസഭയിലെത്തിയ ചെയർമാൻ 15 മിനിട്ട് ഓഫീസിനുള്ളിൽ ചെലവഴിച്ച ശേഷം മടങ്ങി. അതേസമയം ചെയർമാൻ ചേമ്പറിനുള്ളിൽ നിന്ന് ചില ഫയലുകൾ കൊണ്ടുപോയതായി കോൺഗ്രസ് ആരോപണമുന്നയിച്ചു.
എൽ.ഡി.എഫ് നിലപാട് ഇന്ന്
ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്ന പാർട്ടി നിർദ്ദേശം തള്ളിയ സനീഷ് ജോർജ്ജിനോടുള്ള തുടർന്നുള്ള സമീപനമെന്താകുമെന്ന് സി.പി.എം ഇന്ന് വ്യക്തമാക്കും. ഇന്നലെ സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ അദ്ധ്യക്ഷതയിൽ മങ്ങാട്ടുകവല വെസ്റ്റ് ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന ഈസ്റ്റ്- വെസ്റ്റ് വെസ്റ്റ് ഏരിയാകമ്മിറ്റികളുടെ യോഗം വിഷയം ചർച്ച ചെയ്തു. ചെയർമാൻ രാജിവച്ചില്ലെങ്കിലും പാർട്ടിയെ തള്ളി പറയാത്തതിനാൽ അവിശ്വാസ പ്രമേയമടക്കമുള്ള കടുത്ത നടപടികൾ വേണ്ടെന്നാണ് ഭൂരിപക്ഷ അഭിപ്രായം. എന്നാൽ പാർട്ടി നിർദ്ദേശം അംഗീകരിക്കാത്ത സനീഷ് ജോർജ്ജിനെ ഒരു നിമിഷം പോലും ഇടതുമുന്നണിയുടെ ചെയർമാനായി തുടരാൻ അനുവദിക്കരുതെന്ന് മറുവിഭാഗത്തിന്റെ വാദം. എന്തായാലും അന്തിമതീരുമാനം ഇന്ന് വിളിച്ചിരിക്കുന്ന വാർത്താസമ്മേളനത്തിൽ സി.പി.എം വ്യക്തമാക്കും.