 തത്കാലം അവിശ്വാസം കൊണ്ടുവരില്ല

 രാജിയ്ക്കായി സമരം ചെയ്യും

തൊടുപുഴ: കൈക്കൂലിക്കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് സി.പി.എം നിർദ്ദേശപ്രകാരം രാജി വയ്ക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ചെയർമാനുള്ള പിന്തുണ പിൻവലിക്കാനും രാജിവയ്ക്കുംവരെ സമരം ചെയ്യാനും എൽ.ഡി.എഫ് തീരുമാനിച്ചു. എന്നാൽ തത്കാലം ചെയർമാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരില്ലെന്നും എൽ.ഡി.എഫ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതോടെ മൂന്നര വർഷം നീണ്ട തൊടുപുഴ നഗരസഭയിലെ ഇടത് ഭരണം പ്രതിസന്ധിയിലായി. ഒപ്പം 35 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന്റെ അംഗബലം 14ൽ നിന്ന് 13ആയി കുറഞ്ഞു. യു.ഡി.എഫിന് പന്ത്രണ്ടും ബി.ജെ.പിക്ക് എട്ടും അംഗങ്ങളാണ് നിലവിലുള്ളത്. 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചാൽ കക്ഷിനില തുല്യമാകും. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. തദ്ദേശതിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷമില്ലാതിരുന്ന എൽ.ഡി.എഫ് 12ാം വാർഡിൽ നിന്ന് കോൺഗ്രസ് വിമതനായി വിജയിച്ച സനീഷ് ജോർജിനെയും ഒമ്പതാം വാർഡിൽ നിന്ന് മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേർത്താണ് നഗരസഭാ ഭരണം പിടിച്ചത്. ഇതിൽ ജെസി ജോണിയെ പിന്നീട് കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയിരുന്നു. ഇതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

വിജിലൻസ് കേസിൽ പ്രതിയായതോടെ ചെയർമാനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും രാജിവയ്ക്കാമെന്ന് ഉറപ്പുനൽകിയ ശേഷവും പാലിക്കാതിരുന്നതോടെയാണ് പിന്തുണ പിൻവലിക്കുന്നതെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. അഴിമതിക്ക് പ്രേരിപ്പിച്ചെന്ന ആരോപണം നേരിടുന്ന ചെയർമാനെ സംരക്ഷിക്കുന്ന നിലപാട് മുന്നണിക്കില്ല. ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 11ന് വൈകിട്ട് അഞ്ചിന് പ്രകടനവും നയവിശദീകരണയോഗവും നടത്തും. കോൺഗ്രസിന്റെയോ ബി.ജെ.പിയുടെയോ സഹകരണമില്ലാതെ അവിശ്വാസം പാസാകാനുള്ള സാദ്ധ്യത നഗരസഭയിലില്ല. അത് എൽ.ഡി.എഫ് നയങ്ങൾക്ക് വിരുദ്ധമായതിനാലാണ് അവിശ്വാസം കൊണ്ടുവരാത്തത്. യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നാൽ പിന്തുണയ്ക്കുന്ന കാര്യം അപ്പോൾ ആലോചിച്ച് തീരുമാനിക്കും. ഒരാൾ അഴിമതിക്കേസിൽ പ്രതി ചേർക്കപ്പെട്ടാൽ തൽസ്ഥാനത്തു നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടുകയാണ് എൽ.ഡി.എഫ് കാഴ്ചപ്പാട്. ഇത് അദ്ദേഹത്തെ അറിയിച്ചതാണ്. ചെയർമാൻ സ്ഥാനത്തിരുന്നാൽ മാത്രമേ നിരപരാധിത്വം തെളിയിക്കാനാകൂ എന്ന് കേൾക്കുന്നത് ആദ്യമാണ്. മുനിസിപ്പൽ ആക്ട് പ്രകാരം ചെയർമാന് എ.ഇയെ ചുമതലയിൽ നിന്ന് മാറ്റിനിറുത്താമായിരുന്നു. അത് ചെയർമാൻ ചെയ്തിട്ടില്ല. സ്കൂളിന്റെ വിഷയം മാത്രമല്ല, നഗരത്തിലെ പല കെട്ടിടങ്ങൾക്കും പെർമിറ്റ് നൽകാതെ മാറ്റിവയ്ക്കുന്ന സമീപനമായിരുന്നു എ.ഇയുടേത്. അഴിമതിക്കാരനായ എ.ഇക്കെതിരെ സമരം നടത്തിയതിന് എൽ.ഡി.എഫ് നേതാക്കളും കൗൺസിലർമാരും പ്രതികളാണ്. പലതവണ എൽ.ഡി.എഫ് പരാതിപ്പെട്ടിട്ടുണ്ട്. അയാൾക്ക് കൈക്കൂലി കൊടുത്താൽ മാത്രമേ ഒരു കാര്യം നടക്കൂവെന്ന് നഗരസഭാ ചെയർമാൻ പറയാൻ പാടില്ല. കൈക്കൂലി പണത്തിന് ഇടനിലക്കാരനായി ചെയർമാൻ നിൽക്കേണ്ടതില്ല. അവിടെയാണ് ചെയർമാന്റെ തെറ്റ്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്നും ഇത് ചൂണ്ടിക്കാട്ടിയാണ് രാജിവയ്ക്കാൻ ആവശ്യപ്പെട്ടതെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എൽ.ഡി.എഫ് മുനിസിപ്പൽ കൺവീനർ മുഹമ്മദ് ഫൈസൽ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആർ. സോമൻ, വി.ആർ. പ്രമോദ്, ജിമ്മി മറ്റത്തിപ്പാറ എന്നിവർ പങ്കെടുത്തു.

ചെയർമാനെ പിന്തുണയ്ക്കുന്നത് കോൺഗ്രസ്
കോൺഗ്രസിന്റെ പിന്തുണ നഗരസഭാ ചെയർമാനുണ്ടെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീട്ടിൽ മൂന്നുതവണ യോഗം ചേർന്നതിൽ രണ്ടു തവണയും ചെയർമാൻ പങ്കെടുത്തു. ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യു.ഡി.എഫാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നതും നിരന്തരം ബന്ധപ്പെടുന്നതും. ആരോപണമുണ്ടായ ശേഷം എൽ.ഡി.എഫ് എത്ര തവണ ചെയർമാനുമായി ബന്ധപ്പെട്ടെന്ന് തെളിയിക്കാൻ തങ്ങൾക്കാകും. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇതിന് തയ്യാറാണോ?. ഇദ്ദേഹം ചെയർമാനുമായി പലതവണ ബന്ധപ്പെടുകയും ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയതും പരസ്യമാണ്. ചെയർമാൻ രണ്ട് ദിവസം സി.പി.എം ഓഫീസിൽ ഉണ്ടായിരുന്നെന്ന ആരോപണം വ്യാജമാണെന്ന് തെളിയിക്കാൻ എന്ത് പരിശോധനയ്ക്കും തയ്യാറാണ്. ചെയർമാനല്ല കുഴപ്പം, സി.പി.എമ്മാണ് കുഴപ്പമെന്നാണ് കോൺഗ്രസ് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. 30ലെ ഉപതിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും നേതാക്കൾ പറഞ്ഞു.