തൊടുപുഴ: റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ വൈകിട്ട് ഏഴിന് നടുക്കണ്ടം ഐ.എം.എ ഓഡിറ്റോറിയത്തിൽ നടക്കും. ക്ലബിന്റെ 36-ാമത് പ്രസിഡന്റായി ജോബ് കെ. ജേക്കബ്, സെക്രട്ടറിയായി ബെന്നി ഇല്ലിമൂട്ടിൽ ട്രഷററായി ഡോ. സി.വി. ജേക്കബ് എന്നിവർ ചുമതല ഏൽക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി തൊടുപുഴയുടെ സാംസ്‌കാരിക, സാമൂഹിക, ആരോഗ്യ സേവന മണ്ഡലങ്ങളിൽ നിറസാന്നിദ്ധമായിരിക്കുന്ന റോട്ടറി ക്ലബ്ബ്, ജില്ലാ ആശുപത്രിയിലും ചാഴികാട്ട് ആശുപത്രിയിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിച്ച് നൽകിയിട്ടുണ്ട്. തൊടുപുഴയെ വിശപ്പ് രഹിത നഗരമാക്കാൻ അന്നപൂർണ്ണം പദ്ധതി, 38 ലക്ഷം രൂപ ചിലവിൽ കേരളത്തിലെ ആദ്യത്തെ ബ്ലഡ് ഡൊണേഷൻ വാൻ, പാർപ്പിടം പദ്ധതിയിൽ പത്തോളം വീടുകൾ, കൂടാതെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനസഹായം, നിരാലംബരായ രോഗികൾക്ക് ചികിത്സാ സഹായം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ നടത്തിവരികയാണ്. 'ബ്ലോസം' എന്ന പേരിൽ റോട്ടറി ഡിസ്ട്രിക്ടിന്റെയും കൂടി സഹകരണത്തോടെ ഒരു പുതിയ സാമൂഹിക സേവന പദ്ധതിയും ഈ വർഷത്തേക്ക് വിഭാവനം ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. സ്ഥാനാരോഹണ സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എം.പി, റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ എസ്. രാജ്‌മോഹൻ നായർ എന്നിവർ മുഖ്യാതിഥികളാവും. വാർത്താസമ്മേളനത്തിൽ ജോബ് കെജേക്കബ്, ബെന്നി ഇല്ലിമൂട്ടിൽ, ഹെജി പി. ചെറിയാൻ, ലിറ്റോ പി. ജോൺ എന്നിവർ പങ്കെടുത്തു.