k

 അവിശ്വാസം കൊണ്ടുവരില്ല,​ രാജിക്കായി സമരം

തൊടുപുഴ: കൈക്കൂലിക്കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് സി.പി.എം നിർദ്ദേശ പ്രകാരം രാജി വയ്ക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് പിന്തുണ പിൻവലിക്കാനും രാജി വയ്ക്കും വരെ സമരം ചെയ്യാനും എൽ.ഡി.എഫ് തീരുമാനിച്ചു തത്കാലം ചെയർമാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരില്ലെന്നും എൽ.ഡി.എഫ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

. ഇതോടെ മൂന്നര വർഷം നീണ്ട തൊടുപുഴ നഗരസഭയിലെ ഇടത് ഭരണം പ്രതിസന്ധിയിലായി. 35 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന്റെ അംഗബലം 14ൽ നിന്ന് 13ആയി കുറഞ്ഞു. യു.ഡി.എഫിന് പന്ത്രണ്ടും ബി.ജെ.പിക്ക് എട്ടും അംഗങ്ങളാണ് നിലവിലുള്ളത്. 30ന് ഒമ്പതാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചാൽ കക്ഷിനില തുല്യമാകും. തദ്ദേശതിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷമില്ലാതിരുന്ന എൽ.ഡി.എഫ് 12-ാം വാർഡിൽ നിന്ന് കോൺഗ്രസ് വിമതനായി വിജയിച്ച സനീഷ് ജോർജിനെയും ഒമ്പതാം വാർഡിൽ നിന്ന് മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേർത്താണ് നഗരസഭാ ഭരണം പിടിച്ചത്. ഇതിൽ ജെസി ജോണിയെ പിന്നീട് കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയിരുന്നു. ഇതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോൺഗ്രസിന്റെയോ ബി.ജെ.പിയുടെയോ സഹകരണമില്ലാതെ അവിശ്വാസം പാസാകാനുള്ള സാദ്ധ്യത നഗരസഭയിലില്ല. യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നാൽ പിന്തുണയ്ക്കുന്ന കാര്യം അപ്പോൾ ആലോചിച്ച് തീരുമാനിക്കുമെന്ന് ഇടതു നേതാക്കൾ പറഞ്ഞു.