തൊടുപുഴ: ആദിവാസി യുവാവിനെ എക്‌സൈസ് സംഘം കള്ളക്കേസിൽ കുടുക്കി മർദ്ദിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. മുട്ടം പഞ്ചായത്തിലെ വള്ളിപ്പാറ മേഖലയിൽ താമസിക്കുന്ന സിറിൾ ജോൺസൺ എന്ന ആദിവാസി യുവാവിനെ ബ്ലേഡ് മാഫിയ സംഘം കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം. 62 ദിവസത്തോളം ജയിലിൽ കഴിഞ്ഞ സിറിളിനെ എക്‌സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. തൊടുപുഴയിലെ ബ്ലേഡ് മാഫിയക്കെതിരെ സിറിൾ ജോൺസൺ പരാതി നൽകിയതിലുള്ള വിരോധത്തിനാണ് 2023 ഒക്ടോബറിൽ കള്ളക്കേസിൽ കുടുക്കിയതത്രേ. ദരിദ്ര കുടുംബാംഗമായ സിറിൾ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. ഈ സംഭവത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ഉൾപ്പെട്ട ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭ പരിപാടികൾ സഘടിപ്പിക്കുകയും മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതിന്റെ ഫലമായാണ് പൊലീസിലെയും എക്‌സൈസ് വകുപ്പിലെയും ഉയർന്ന ഉദ്യോഗസ്ഥസംഘം അന്വേഷണം ആരംഭിച്ചത്. അന്വേഷണം ശരിയായ നിലയിൽ നടത്തി കുറ്റക്കാരായ ബ്ലേഡ് മാഫിയയിൽപ്പെട്ടവർക്കെതിരെയും സിറിൾ ജോൺസണെ മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് സി.പി.എം തൊടുപുഴ വെസ്റ്റ് ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.ആർ. സോമൻ ആവശ്യപ്പെട്ടു.