
അടിമാലി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ വൻ മരം കടപുഴകി വീണു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം. അടിമാലി -കുമളി ദേശീയപാതയിൽ കല്ലാർകുട്ടി റോഡിൽ പെട്രോൾ പമ്പിനടുത്തവള വിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പൂപ്പാറ -തൊടുപുഴ സർവ്വീസ് നടത്തുന്ന ശക്തി ബസിന് മുകളിലാണ് വൻമരം കാറ്റത്ത് കടപുഴകി വീണത്.ബസിന്റെ മുൻഭാഗം തകർന്നു. ഗ്ലാസ് പൊട്ടി വീണതിനെ തുടർന്ന് യാത്രക്കാരി രാജകുമാരി സ്വദേശിനി ഷീല(38)ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. യാത്രക്കാരുമായി രാജാക്കാട് നിന്ന് അടിമാലിക്ക് വരികയായിരുന്ന ബസ് സെന്റ് ജൂഡ് പള്ളി ജംഗ്ഷനു സമീപം എത്തുമ്പോഴാണ് പാതയോരത്ത് ജീർണ്ണാവസ്ഥയിൽ നിന്നിരുന്ന മരം പതിയെ കടപുഴകി ചെരിഞ്ഞു വരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടത്.ഉടൻ തന്നെ ബ്രെക്ക് ചവിട്ടി നിർത്തി സെക്കന്റുകൾക്കുള്ളിൽ ബസ്സ് പിന്നോട്ടെടുക്കുകയായിരുന്നു.മുൻവശത്തിരുന്ന യാത്രക്കാരിക്ക് വലതുകണ്ണിനു മുകളിലായിരുന്നു പരിക്കേറ്റത്. ബസ്സിന്റ മുൻഭാഗം തകർന്നു.വൈദ്യുതി ലൈനിന് മുകളിലായതിനാൽ വലിയ ശബ്ദം ഉണ്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു. രണ്ടാഴ്ച മുൻപ് ഇതേ മരത്തിന്റെ ശിഖരം ഓട്ടോക്ക് മുകളിൽ ഒടിഞ്ഞുവീണിരുന്നു. അന്ന് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ വാളറ മുതൽ നേര്യമംഗലം വരെ വനമേഖലയിലും ഇത്തരത്തിൽ ധാരാളം മരങ്ങൾ അപകടാവസ്ഥയിലുണ്ട്. ദിവസവും മരം വീണ് ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെടുന്നുണ്ട്. നേര്യമംഗലം വില്ലാഞ്ചിറയിൽ കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചിട്ട് ഏറെ നാളായില്ല.