school

ചെറുതോണി: താളത്തുമ്പികളായി തായമ്പകയുടെ ചെമ്പട മുറുക്കാൻ കുട്ടിക്കൂട്ടങ്ങൾ ഇന്ന് അരങ്ങത്തേക്ക്. താളലോകത്ത് വിസ്മയം തീർക്കുന്ന പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂളിലെ കുട്ടികളാണ് ഹൈറഞ്ചിന്റെ അഭിമാനമായി മാറുന്നത്. ഹൈസ്‌കൂളിലെ മുപ്പത്തഞ്ചോളം വിദ്യാർത്ഥീ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘമാണ് ചെണ്ട മേളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. സ്‌കൂളിലെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് നീണ്ട ഒന്നേകാൽ വർഷത്തെ പരിശീലനത്തിന് ശേഷം തായമ്പകയിൽ പഠനം പൂർത്തിയാക്കിയത്. മറ്റ് പല സ്വകാര്യ സ്‌കൂളുകളിലും പത്തിൽ താഴെ അംഗങ്ങളുള്ള ട്രൂപ്പുകൾ ഉണ്ടെങ്കിലും ഒരു സർക്കാർ സ്‌കൂളിന്റെ നേതൃത്വത്തിൽ മുപ്പത്തഞ്ചോളം കുട്ടികളെ ഉൾപ്പെടുത്തി ഒരു ട്രൂപ്പുണ്ടാക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ദിജേഷ് പി.ഡി, പ്രകാശൻ പി.ജെ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ അഭ്യസിച്ചത്. കുട്ടികളുടെ ഇടയിൽ നിലനിന്നിരുന്ന മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളുടെ ചെണ്ടമേള ട്രൂപ്പിലേക്ക് നയിച്ചത്. പ്രോഗ്രാം കോ- ഓർഡിനേറ്റർ രവികുമാർ കെ.വി, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജൂബി ജോൺസൺ, പി.ടി.എ പ്രസിഡന്റ് ജയൻ എ.ജെ, പതിനഞ്ചോളം വരുന്ന പി.ടി.എ അംഗങ്ങൾ എന്നിവരുടെ നിരന്തര ശ്രദ്ധയും പരിശ്രമവുമാണ് 'കലാ ദീപം' എന്ന പേരിൽ കുട്ടികളുടെ ചെണ്ടമേള ട്രൂപ്പ് യാഥാർത്ഥ്യമാകാൻ കാരണമായത്. കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളും മുൻകൈ എടുത്താണ് പതിനെട്ടോളം ചെണ്ടകൾ വാങ്ങിയത്. കൂടാതെ യോഗ, ഫുട്‌ബോൾ കോച്ചിംഗ്, ബാന്റ് മേളം, മാർഷ്യൽ ആർട്സ് എന്നിവയിലും സ്‌കൂളിലെ കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു. അരങ്ങേറ്റത്തിന് ശേഷം അവധി ദിവസങ്ങളിൽ പൊതുപരിപാടികളിൽ കുട്ടികളുടെ ചെണ്ടമേളത്തിന് താത്പര്യമുള്ളവർക്ക് ബുക്ക് ചെയ്യാം. അരങ്ങേറ്റ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് നിർവഹിക്കും.

അഭിനന്ദിച്ച് മന്ത്രിമാർ

തായമ്പകയിൽ ഇന്ന് അരങ്ങേറ്റം കുറിക്കുന്ന 35 കുട്ടികളെയും മന്ത്രിമാരായ വി. ശിവൻകുട്ടിയും റോഷി അഗസ്റ്റ്യനും അഭിനന്ദിച്ചു. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വിദ്യാർത്ഥികൾക്ക് മന്ത്രിമാർ ആശംസയർപ്പിച്ചത്.


'കൊവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകളിൽ നിന്ന് റഗുലർ ക്ലാസുകളിലേക്ക് മാറിയിട്ടും കുട്ടികളുടെ ഇടയിൽ മൊബൈൽ ഫോൺ ഉപയോഗം നിലനിന്നിരുന്നു. ഇത് കുറച്ച് മറ്റ് വിനോദങ്ങളിലേക്കും വിജ്ഞാനത്തിലേക്കും കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മദ്ധ്യവേനലവധിക്കാലത്ത് കുട്ടികളുടെ ഇടയിൽ നിന്ന് ഒരു ചെണ്ടമേള ട്രൂപ്പിനെ ഉണ്ടാക്കാൻ ശ്രമമാരംഭിക്കാൻ കാരണം"

-പി.ടി.എ പ്രസിഡന്റ് എ.ജെ. ജയൻ