തൊടുപുഴ: ലോകത്തിന് തന്നെ മാതൃകയായ കേരള പാലിയേറ്റീവ് കെയർ പഠിക്കാൻ ഛത്തീസ്ഗഡിൽ നിന്നുള്ള പന്ത്രണ്ടംഗ സംഘം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ പാലിയേറ്റീവ് കെയർ പരിശീലന കേന്ദ്രത്തിൽ എത്തി. 10 ദിവസത്തെ പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ കോഴ്സ് ചെയ്യാനാണ് സംഘം എത്തിയിട്ടുള്ളത്. 10 ഡോക്ടറും രണ്ട് സ്റ്റാഫ് നഴ്സുമടങ്ങിയിട്ടുള്ള സംഘം നാഷണൽ ആയുഷ് മിഷൻ പദ്ധതി വഴിയാണ് എത്തിയത്. സംസ്ഥാനത്ത് ആദ്യമായി ആയുർവേദ പാലിയേറ്റീവ് കെയർ തുടങ്ങിയ ജില്ലയാണ് ഇടുക്കി. അലോപ്പതി, ആയുർവേദ, ഹോമിയോ പാലിയേറ്റീവ് കെയർ മേഖലയിൽ കേരളത്തിനു തന്നെ മാതൃകരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനാലാണ് തൊടുപുഴയിലെ പാലിയേറ്റീവ് ജില്ലാ പരിശീലകേന്ദ്രത്തെ സംഘം പരിശീലന കേന്ദ്രമായി തിരഞ്ഞെടുത്തത്. അഞ്ച് ദിവസത്തെ തീയറി പരിശീലനം അഞ്ചു ദിവസത്തെ ഹോം കെയർ പരിശീലനവുമാണ് ഇവർക്കായി നടത്തുന്നത്. ജൂലായ് ഒന്നിന് തുടങ്ങിയ കോഴ്സ് 11ന് തീയതി അവസാനിക്കും. ആദ്യമായാണ് മറ്റ് സംസ്ഥാനത്തിൽ നിന്നുമുള്ള ആയുർവേദ സംഘം പാലിയേറ്റീവ് കെയറിൽ 10 ദിവസത്തെ കോഴ്സ് ചെയ്യാൻ എത്തുന്നത്. കേരള പാലിയേറ്റീവ് കെയർ മോഡലാക്കികൊണ്ട് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ഛത്തീസ്ഗഡിൽ ആരംഭിക്കുമെന്ന് സംഘം അറിയിച്ചു. നാഷണൽ ആയുഷ്മിഷൻ ഹോമിയോപതി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. കെ. ജയനാരായണൻ, പാലിയേറ്റീവ് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. മാത്യൂസ് നമ്പേലിൽ, ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജോർജ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. അജി പി.എൻ, പാലിയേറ്റീവ് കെയർ പരിശീലന കേന്ദ്രം നോഡൽ ഓഫീസർ ഡോ. പ്രീതി. സി.ജെ (ആർ.എം.ഒ), തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. പി.സി. ഷീല, റിട്ട. സീനിയർ ആയുർവേദ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ. സുരേഷ്, നാഷണൽ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീധർശൻ സുബ്രഹ്മണ്യൻ, പാലിയേറ്റീവ് കെയർ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ സിജോ വിജയൻ, ആയുർവേദ ഡോക്ടർമാരായ ഡോ. വിജിത, ഡോ. സൗമിനി, പാലിയേറ്റീവ് കെയർ സീനിയർ നേഴ്സിങ് ഓഫീസർ ഷൈല കെ.എച്ച്, നഴ്സിംഗ് ഓഫീസർ ഷീമോൾ, നാഷണൽ ജില്ലാ പ്രോഗ്രാം കോഡിനേറ്റർമാരായ ഡോ. കാവ്യം, ഡോ. ഹരിത, പാലിയേറ്റീവ് കെയർ പരിശീലന കേന്ദ്രം നഴ്സുമാരായ ജോസ്മി ലൂക്കോസ്, സീമോൾ ഐസക്, ലിറ്റി ബാബു, ആൻസി ബേബി എന്നിവർ പങ്കെടുത്തു.