മൂന്നാർ: പഞ്ചായത്ത് നടപ്പാക്കിയ വിവിധ പദ്ധതികളിൽ അഴിമതി ആരോപണമുയർന്നതിനെ തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം മൂന്നാർ പഞ്ചായത്ത് മുൻ സെക്രട്ടറി കെ.എൻ. സഹജനെതിരേ വിജിലൻസ് അന്വേഷണം ആരംഭിച്ചു. മാർച്ചിൽ ചേർന്ന മൂന്നാർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ സഹജൻ ഇംപ്ലിമെന്റിംഗ് ഓഫീസറായിരുന്ന പദ്ധതികളിൽ അന്വേഷണം നടത്തുന്നതിനായി വിജിലൻസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകാൻ നിലവിലുള്ള പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. മൂന്നാർ സൗന്ദര്യവത്കരണം, മാലിന്യസംസ്‌കരണം, സ്വീവേജ്, സെപ്ടേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയ ഏഴ് പദ്ധതികളിൽ ക്രമക്കേട് നടന്നതായാണ് ഭരണസമിതി ആരോപിക്കുന്നത്. സെപ്ടേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പണികൾക്കായി യന്ത്രസാമഗ്രികൾ എത്തിച്ചിരുന്നെങ്കിലും കെ.ഡി.എച്ച്.പി കമ്പനി എതിർത്തതോടെ തുടങ്ങാനായില്ല. എന്നാൽ കരാർ കമ്പനിക്ക് പണം കൈമാറിയിരുന്നെന്നും ഇത്തരത്തിൽ സർക്കാരിന് നഷ്ടമുണ്ടായെന്നുമാണ് സൂചന. പല പദ്ധതികൾക്കും ബില്ലുകൾ മാറി നൽകിയെങ്കിലും ഇവയുടെ വിവരങ്ങൾ സോഫ്‌റ്റ്‌വെയറുകളിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. ഇതേത്തുടർന്നാണ് തൊടുപുഴയിൽ നിന്നുള്ള വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചിരിക്കുന്നത്.