തൊടുപുഴ: 1999ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് പി.കെ. സന്തോഷ് കുമാറിന്റെ 25-ാം ചരമ വാർഷിക ദിനത്തിൽ വെട്ടിമറ്റത്തുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ത്രിതല പഞ്ചായത്തുകൾ, എൻ.സി.സി, സേവാ ഭാരതി, പൂർവ്വ സൈനിക പരിഷത്ത്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ചരമവാർഷികം ആചരിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം.ജെ. ജേക്കബ്, ഇളംദേശം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, അംഗങ്ങളായ കെ.എസ്. ജോൺ, ടെസിമോൾ മാത്യു, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, മെമ്പർ ലാലി ജോസി, സേവാഭാരതി ജില്ലാ പ്രസിഡന്റ് രവീന്ദ്രൻ നായർ, നാഗാർജുന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സി.എസ്. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. ധീര രക്തസാക്ഷി പി.കെ. സന്തോഷ് കുമാറിന്റെ പിതാവ് പദ്മനാഭപിള്ള, പത്നി പ്രിയ, മകൻ അർജുൻ, സഹോദരൻ പ്രസാദ് ടി.പി എന്നിവരടക്കമുള്ള കുടുംബാംഗങ്ങൾ പങ്കെടുത്ത അനുസ്മരണ ചടങ്ങിൽ ന്യൂമാൻ കോളേജ് എൻ.സി.സി ഓഫീസർ ക്യാപ്ടൻ പ്രജീഷ് സി. മാത്യു അനുസ്മരണ സന്ദേശം നൽകി. ജോസി വേളാശ്ശേരി സ്വാഗതവും ജനറൽ കൺവീനർ തോമസ് കുഴിഞ്ഞാലിൽ നന്ദിയും പറഞ്ഞു. ന്യൂമാൻ കോളേജ് എൻ.സി.സി സീനിയർ ഓഫീസർ ആദർശ് എസ്, അണ്ടർ ഓഫീസർ രാധിക എം.ആർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.