പീരുമേട്: ലോക ഭൂപടത്തിൽ ഇടംപിടിച്ച വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തുന്നവർക്ക് ഇനി ജൈവ വനവിഭവങ്ങൾ ലഭ്യമാക്കും. വനം വകുപ്പാണ് തേൻ ഉൾപ്പെടെയുള്ള വനവിഭവങ്ങൾക്കായി ഇക്കോ ഷോപ് തുറക്കുന്നത്. ഇതിനായി ഇൻഫർമേഷൻ സെന്റർ ഉൾപ്പടെ ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റ് സമുച്ചയ നിർമാണം പൂർത്തിയായി. നബാർഡിന്റെ സഹായത്തോടെ 74 ലക്ഷം രൂപ ചെലവഴിച്ചാണ് ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. എരുമേലി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ ഈരാറ്റപേട്ട വാഗമൺ ഹൈവേയിലെ വഴിക്കടവിലാണ് ഇന്റേഗ്രേറ്റഡ് ചെക്പോസ്റ്റ് നിർമ്മാണം പൂർത്തിയായത്. പട്രോളിങ് സംഘത്തിനും മറ്റു ജീവനക്കാർക്കും താമസിച്ചു ജോലി ചെയ്യാനുള്ള ക്യാമ്പിങ് സ്റ്റേഷൻ ഉൾപ്പെടെയാണ് ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റും ഇക്കോ ഷോപ്പും നിർമ്മിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികൾക്ക് ആകർഷകമായ ജൈവ രീതിയിലുള്ള എല്ലാത്തരം വനവിഭവങ്ങളും ഇക്കോ ഷോപ്പിൽ ലഭ്യമാക്കും. കേരളത്തിനകത്തും പുറത്തുമുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങളടങ്ങിയ ഇൻഫർമേഷൻ സെന്ററും ഇക്കോ ഷോപ്പിനൊപ്പം പ്രവർത്തിക്കും. വിദേശത്ത് നിന്നും സംസ്ഥാനത്തിനു പുറത്തു നിന്നും എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇൻഫർമേഷൻ സെന്റർ വളരെ പ്രയോജനപ്പെടുന്നതാണ്. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് സംസ്ഥാന വനം വകുപ്പ് നൽകി. ഉടനെ പ്രവർത്തനം ആരംഭിക്കുമെന്ന് കോട്ടയം ഡി.എഫ്.ഒ എൻ. രാജേഷ് അറിയിച്ചു. ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റിന്റെ പ്രവർത്തനം തുടങ്ങുന്നതോടെ വാഗമണിൽ വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാകും. ഇത് ലഹരി ഉപയോഗം തടയുന്നതിന് പൊലീസിനും സഹായകമാകും.