കട്ടപ്പന: ലോറികൾ കുടുങ്ങിയതിനെ തുടർന്ന് കട്ടപ്പന- പുളിയൻമല റോഡിൽ മണിക്കുറുകളോളം ഗതാഗതക്കുരുക്കുണ്ടായി. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കട്ടപ്പന- പുളിമല റോഡിൽ റിക്കവറി ലോറി കേടായത്. കഴിഞ്ഞ ദിവസം ശാസ്താംനടയിൽ അപകടത്തിൽപ്പെട്ട ടോറസ് ലോറി കെട്ടിവലിച്ച് കമ്പത്തേക്ക് പോവുകയായിരുന്ന റിക്കവറി ലോറിയാണ് കേടായത്. വളവിൽ ഇരുവാഹനങ്ങളും കുടുങ്ങിയതോടെ മണിക്കൂറുകളോളമാണ് ഗതാഗത തടസം ഉണ്ടായത്. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കടത്തിവിടാൻ പൊലീസും ഏറെ പണിപ്പെട്ടു. കട്ടപ്പയിൽ നിന്ന് ക്രെയിൻ എത്തിച്ച് വാഹനം മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.