തൊടുപുഴ: 2020- 21 സാമ്പത്തിക വർഷത്തിൽ ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പാക്കിയ 24 പദ്ധതികളുടെ തുക തിരികെ അടക്കാൻ ഉത്തരവ്. ഈ പദ്ധതികളിലായി ചിലവഴിച്ച 381130 രൂപ അന്നത്തെ നിർവ്വഹണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാനാണ് ജില്ലാ കളക്ടറുടെ നിർദേശം. സോഷ്യൽ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിൽ 2022- 23 സാമ്പത്തിക വർഷത്തെ സോഷ്യൽ ഓഡിറ്റിൽ ഇടവെട്ടി പഞ്ചായത്തിൽ 24 പ്രവൃത്തികൾ ക്ലോസ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. 2024 മാർച്ചിൽ പ്രവൃത്തികൾ പുനർ നിർമിച്ച് നടപടി കൈക്കൊള്ളുമെന്ന് അറിയിച്ചിരുന്നെങ്കിലും നാളിതുവരെ പ്രവൃത്തികൾ റിപോർട്ട് ചെയ്തിട്ടില്ലെന്ന് പ്രോഗ്രാം ഓഫിസർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന മിഷന്റെ അക്കൗണ്ടിൽ തുക അടയ്ക്കണമെന്നും അക്കാര്യം അടിയന്തരമായി റിപോർട്ട് ചെയ്യണമെന്നും കളക്ടറുടെ റിപോർട്ടിൽ പറയുന്നു. പണം തിരിച്ചടയ്ക്കണമെന്ന ഉത്തരവ് വന്നതോടെ നിർവ്വഹണ ഉദ്യോഗസ്ഥനായ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയെയും പ്രസിഡന്റിന്റെയും സംരക്ഷിക്കുന്നതിന് വേണ്ടി തൊഴിലുറപ്പ് വിഭാഗത്തിലെ കരാർ ജീവനക്കാരെ ബലിയാടാക്കാനാണ് ഭരണ സമിതി നീക്കം നടത്തുന്നതെന്ന് എൽ.ഡി.എഫ് ഇടവെട്ടി പഞ്ചായത്ത് കൺവീനർ ടി.എം മുജീബ് അറിയിച്ചു. പഞ്ചായത്തിന് ബാദ്ധ്യതയായ മുഴുവൻ തുകയും ഉത്തരവാദികളായവരിൽ നിന്ന് ഈടാക്കാതെ നിരപരാധികളായ കരാർ ജീവനക്കാരെ പഴിചാരി കുറ്റക്കാരെ രക്ഷിക്കുവാൻ ഭരണ സമിതി നീക്കം നടത്തുകയാണ്. ഇതിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ടി.എം. മുജീബ് പറഞ്ഞു.