പള്ളിവാസൽ :വർഷങ്ങളായി മാലിന്യ പ്രശ്നം നിലനില്ക്കുന്ന പള്ളിവാസൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാംവാർഡിലെ പ്രതിസന്ധിയ്ക്ക് പരിഹാരം. വാർഡിലെ പോതമേട് ഭാഗത്ത് അടുത്തടുത്ത് 130 വീടുകളാണുള്ള സ്ഥലപരിമിതി മൂലം പൊതു ഇടങ്ങളിലാണ് മാലിന്യം നിക്ഷേപിച്ചിരുന്നത്. ഇത് പഞ്ചായത്ത് എടുത്ത് മാറ്റുന്ന രീതിയാണ് തുടർന്നിരുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്ത് 25 ലക്ഷം രൂപ ഫണ്ട് വിനിയാഗിച്ച് ബയോഗ്യാസ് പ്ലാന്റ് നിർമ്മിക്കുന്നതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തിയിരുന്നുവെങ്കിലും സ്ഥം ഉടമ ടാറ്റാ കമ്പനി ഇതുവരെ സ്ഥലം വിട്ടുനൽകിയില്ല. അടിയന്തിരമായി മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ സ്വീകരിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും അജൈവ മാലിന്യ ശേഖരണം ത്വരിതപ്പെടുത്തി. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ച് എറിയുന്നത് തടയാനും നീക്കം ചെയ്യാനും താത്ക്കാലികമായി ഒരാളെ നിയമിച്ചു. ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന്നതിനായി ഇവിടത്തെ 130 കുടുംബങ്ങൾക്കും സൗജന്യമായി ഒരു യൂണിറ്റിന് 4300 രൂപ ചിലവ് വരുന്ന ബയോ കമ്പോസ്റ്റ് യൂണിറ്റായ ജീ-ബിൻ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രതീഷ് കുമാർ നിർവഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ എസ് .സി രാജ,കണ്ണൻ ,കുടുംബശ്രീ അംഗങ്ങൾ,റിസോർട്ട് പ്രതിനിധികൾ,ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.വിപുലമായ മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കുന്നതിനായി ടാറ്റയിൽ നിന്നും സ്ഥലം ലഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.