തൊടുപുഴ: അങ്കണവാടി വർക്കർക്കും ഹെൽപ്പർക്കും കേന്ദ്ര സർക്കാർ നൽകുന്ന പ്രതിമാസ ഓണറേറിയം പതിനായിരം രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് അങ്കണവാടിസ്റ്റാഫ് അസോസിയേഷൻ ഇളംദേശം പ്രോജക്ട് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. നിലവിൽ വർക്കർക്കും ഹെൽപ്പർക്കും യഥാക്രമം 4500 രൂപയും2750 രൂപയുമാണ് കേന്ദ്ര സർക്കാർ വിഹിതം ഓണറേറിയം.. 2018ന് ശേഷം കേന്ദ്ര സർക്കാർ അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർദ്ധിപ്പിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു.. വിരമിച്ച ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങളും നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക, പോഷൻ ട്രാക്കറുമായി ബന്ധപ്പെട്ടുള്ള ജോലികൾ നിർവ്വഹിക്കുന്നതിന് ഗുണനിലവാരമുള്ള ഫോണുകൾ നൽകുക, ജീവനക്കാരെ ഇ. എസ്.ഐ. പദ്ധതിയിൽ ഉൾപ്പെടുത്തുക,അങ്കണവാടി പ്രീ സ്‌കൂൾ കുട്ടികൾക്കുള്ള പാൽ, മുട്ട എന്നിവ ടെണ്ടർ വിളിച്ച് സെന്ററുകളിൽ എത്തിക്കുക, ജോലിഭാരം ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരള ഖാദി ബോർഡ് അംഗവുമായ കെ.എസ്.രമേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ലീഡർ പി.എൻ. ഉഷ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഉഷാകുമാരി, തൊടുപുഴ പ്രോജക്ട് ലീഡർ അംബികാ വേണുഗോപാൽ, കെ.കെ. സാവിത്രി, വി.പുഷ്പ കുമാരി, ആർ. ഉഷ, കെ. കെ ബിന്ദു എന്നിവർ പ്രസംഗിച്ചു. പ്രോജക്ട് ഭാരവാഹികളായി പി.എൻ. ഉഷ (പ്രസി.), പി.ആർ. അമ്പിളി (വൈസ് പ്രസി.), കെ.കെ. ബിന്ദു (സെക്രട്ടറി. ) ഒ.കെ.ജോളി ( ജോ.സെക്രട്ടറി.) സിന്ധു ചന്ദ്രൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.