തൊടുപുഴ: മുട്ടം എള്ളുംപുറം സെറ്റിൽമെന്റിലെ ആദിവാസി യുവാവ് സിറിൽ ജോൺസനെ കള്ളക്കേസിൽ കുടുക്കി വീടുകയറി മർദ്ദിച്ച് 62 ദിവസം ജയിലിൽ അടച്ച സംഭവത്തിൽ ക്രൈം രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിൽ ജില്ലാ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണസംഘം സിറിലിന്റെ വീട്ടിലെത്തി തെളിവെടുത്തു. പരിസരവാസികളുടെയും മൊഴി രേഖപ്പെടുത്തി. മർദ്ദനം സംബന്ധിച്ചും,ഈ സംഭവത്തിൽ ഫൈനാൻസ് ഉടമയുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. മുട്ടം ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിയ അന്വേഷണസംഘം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. കെ. ബിജുവിന്റെ മൊഴിയും രേഖപ്പെടുത്തി.ജില്ലാ പൊലീസ് മേധാവിക്ക് ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.