കട്ടപ്പന: ചെറുകിട വ്യാപാരികൾക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കുന്നതിൽ കട്ടപ്പന നഗരസഭ പരാജയപ്പെടുന്നുവെന്ന് വ്യാപാരി വ്യവസായി സമിതി.തിരക്കേറെയുള്ള പുതിയ ബസ്റ്റാന്റ്,പഴയ ബസ് സ്റ്റാന്റ്,മത്സ്യ മാർക്കറ്റ്,പച്ചക്കറി മാർക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ നവീകരിക്കാത്തത് അടക്കം വിവിധ വിഷയങ്ങൾ ചൂണ്ടികാണിച്ച് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് സമിതി ഒരുങ്ങുന്നത്.സമിതിയുടെ നിരന്തര പരാതിയുടെ അടിസ്ഥാനത്തിൽ വഴിയോര കച്ചവടം നഗരസഭ നിരോധിച്ചിരുന്നു.എന്നാൽ ആദ്യഘട്ടത്തിൽ പരിശോധനകൾ നടത്തിയതല്ലാതെ പിന്നീട് കാര്യക്ഷമമായ തുടർപ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്നും സമിതി നേതാക്കൾ കുറ്റപ്പെടുത്തി.ഇതര സംസ്ഥാനക്കാർ ടൗണിൽ നടത്തുന്ന ലഹരി കച്ചവടം നിർത്തലാക്കുവാനോ നിയന്ത്രിക്കാനോ നഗരസഭയ്ക്ക് കഴിയുന്നില്ല.പുതിയ ബസ്റ്റാൻഡിൽ നഗരസഭ ലേലം ചെയ്ത് നൽകിയ കാടമുറികളിൽ കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല.ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ജലസേചന സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.ഇതര സംസ്ഥാനക്കാരായ വസ്ത്ര കച്ചവടക്കാർക്ക് ടൗൺഹാൾ വാടകയ്ക്ക് കൊടുത്തത് വഴിയോര കച്ചവടം നിരോധിച്ച നഗരസഭയുടെ ഇരട്ടത്താപ്പാണെന്ന് സമിതി ജില്ല വൈസ്. പ്രസിഡന്റ് മജീഷ് ജേക്കബ് വിമർശിച്ചു.വ്യാപാരി ദ്രോഹ നയങ്ങൾ പിൻവലിച്ചില്ലെങ്കിൽ 18 ന് നഗരസഭ കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും യൂണിറ്റ് ട്രഷറർ പി ജെ കുഞ്ഞുമോൻ,ജില്ലാ കമ്മറ്റി അംഗം ജി എസ് ഷിനോജ്,എം ആർ അയ്യപ്പൻകുട്ടി,ആൽവിൻ തോമസ്,പികെ സജീവൻ, എം ജഹാംഗീർ എന്നിവർ പറഞ്ഞു.