മുട്ടം: തൊടുപുഴ- മൂലമറ്റം റൂട്ടിൽ മ്രാല ഹില്ലി അക്വ കുപ്പിവെള്ള ഫാക്ടറിക്ക് സമീപമുള്ള തുരുത്തേൽ പാലം കാട് കയറി കൈവരികൾ കാണാൻ സാധിക്കാത്ത അവസ്ഥയിൽ. തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയുടെ ഭാഗമായ റോഡിലാണ് ഈ പാലമുള്ളത്. പാലത്തിന് വീതി കുറുവുമുണ്ട്. എതിർ ദിശയിൽ നിന്ന് വരുന്ന വലിയ വാഹനങ്ങൾക്ക് ഒരേ സമയം പാലത്തിലൂടെ കടന്നുപോകാൻ കഴിയില്ല. തീരെ വീതികുറഞ്ഞ പാലത്തിലാണ് കൈവരിയുടെ കാഴ്ച മറച്ച് കാട് വളർന്ന് നിൽക്കുന്നത്. കാട് വളർന്നതോടെ പാലത്തിന്റെ കൈവരി വാഹന ഡ്രൈവർമാർക്ക് കാണാൻ സാധിക്കില്ല. മൂലമറ്റം, ഇടുക്കി, ഈരാറ്റുപേട്ട, പാല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നൂറ് കണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി സഞ്ചരിക്കുന്നത്. പാലത്തിൽ കാട് വളർന്ന് നിൽക്കുന്നത് വലിയ അപകടസാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. പാലത്തിന്റെ സമീപ സ്ഥലമായ പെരുമറ്റത്തും കാട് റോഡിലേക്ക് വളർന്ന് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസം നേരിടുന്നുണ്ട്. പാലത്തിലേക്കും റോഡിലേക്കും പടർന്ന് കിടക്കുന്ന കാട് വെട്ടി തെളിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.