മുട്ടം: മാത്തപ്പാറ, അമ്പാട്ട് കോളനി, ഐ.എച്ച്.ഡി.പി കോളനി പ്രദേശങ്ങളിലേക്കുള്ള റോഡ് തകർന്നത് നന്നാക്കാൻ ജലജീവൻ മിഷൻ, വാട്ടർ അതോറിട്ടി അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മാത്തപ്പാറ ഹെവൻ വാലി റെസിസൻസ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. മുട്ടം, കുടയത്തൂർ, കരിങ്കുന്നം പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിന് പ്രദേശത്തെ റോഡുകൾ കുത്തിപ്പൊളിച്ചാണ് പൈപ്പുകൾ സ്ഥാപിച്ചത്. എന്നാൽ, പൈപ്പുകൾ സ്ഥാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും റോഡ് ടാറിംഗ് നടത്താൻ ബന്ധപ്പെട്ട അധികൃതർ യാതൊരു നടപടികളും സ്വീകരിച്ചില്ല. മണ്ണിട്ട് മൂടിയതിന്റെ മുകളിൽ മിറ്റലിട്ട് താത്കാലികമായി ഉറപ്പിച്ചെങ്കിലും മഴവെള്ളം കുത്തിയൊഴുകിയതിനെ തുടർന്ന് അതെല്ലാം ഇളകിപ്പൊളിഞ്ഞ് വലിയ ഗർത്തങ്ങളായിട്ടുണ്ട്. മറ്റ് ചില സ്ഥലങ്ങളിൽ റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. തുടർന്ന് ആശുപത്രി സംബന്ധമായ ആവശ്യങ്ങൾക്ക് പോലും പ്രദേശത്തേക്ക് ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ എത്താത്ത സാഹചര്യവുമാണ്. ഇതിലൂടെ കടന്ന് പോകുന്ന പ്രദേശവാസികളുടെ ഇരുചക്ര വാഹനങ്ങൾക്ക് സാരമായ കേട് സംഭവിക്കുന്നതിനാൽ നിത്യവും ഭീമമായ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നതും. പ്രശ്ന പരിഹാരത്തിന് ജലജീവൻ മിഷൻ, വാട്ടർ അതോറിട്ടി അധികൃതർ ഉടൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികൾ സംഘടിപ്പിക്കാനും ഹെവൻ വാലി റസിഡൻസ് അസോസിയേഷൻ യോഗം തീരുമാനിച്ചു.