തൊടുപുഴ: നഗരസഭയിലെ ഒമ്പതാം വാർഡിൽ (പെട്ടേനാട്) നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയായി റൂബി വർഗീസ് മത്സരിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ പാർട്ടിയുടെ തൊടുപുഴ മുനിസിപ്പൽ സെക്രട്ടറിയാണ് റൂബി. തൊടുപുഴയിലെ സാമൂഹിക സേവന മേഖലകളിൽ സജീവ സാന്നിദ്ധ്യമായ റൂബി മുതലക്കോടം മാവിൻചുവട് സ്വദേശിയാണ്. മുതലക്കോടം സെന്റ് ജോർജ്ജ് എച്ച്.എസിന്റെയും എച്ച്.എസ്.എസിന്റെയും പി.ടി.എ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സെലിൻ ഫിലിപ്പ്, ഇടുക്കി പ്രസിഡന്റ് ഇൻ ചാർജ്ജ് ബേസിൽ ജോൺ, മുനിസിപ്പൽ പ്രസിഡന്റ് പുന്നൂസ് ജേക്കബ്, സെക്രട്ടറി റൂബി വർഗീസ്, നിയോജകണ്ഡലം സെക്രട്ടറി ലിസി ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
രാജേഷ് പൂവാശേരി
ബി. ജെ. പി സ്ഥാനാർത്ഥി
യു.ഡി.എഫും ബി.ജെ.പിയും നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായി രാജേഷ് പൂവാശേരിലാണ് മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജോർജ് ജോൺ കൊച്ചുപറമ്പിൽ മത്സരിക്കും. മുസ്ലീം ലീഗിന്റെ സീറ്റായ ഇവിടെ ലീഗ് സ്വതന്ത്രനായാണ് ജോർജ് ജോൺ മൽസരിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ ഇതു വരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഘടക കക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിനായിരുന്നു സീറ്റ്. ഇടതു മുന്നണി യോഗം ചേർന്ന ശേഷമാകും സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം 11നാണ്. 30 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ കൗൺസിലറായിരുന്ന ജെസി ജോണി കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.