പീരുമേട്: പീരുമേട്ടിലെ തോട്ടം മേഖല കേന്ദ്രീകരിച്ച് മദ്യം, മയക്കുമരുന്ന് സംഘങ്ങൾ സജീവമാകുന്നു.പകലും രാത്രിയിലും ഈ സംഘങ്ങൾ തോട്ടങ്ങളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ തമ്പടിക്കുകയാണ്. തേയില തോട്ടങ്ങളിലെ ഉൾപ്രദേശങ്ങളിൽ നിയമപാലകർക്ക് വേഗത്തിൽ എത്തിചേരാൻ കഴിയാറില്ല. ഈഅവസരം വിനിയോഗിച്ച് സാമൂഹ്യ വിരുദ്ധസംഘങ്ങൾ അഴിഞ്ഞാടുകയാണ്. നാട്ടുകാർക്ക് വലിയബുദ്ധിമുട്ടാണ് ഇത്തരക്കാർ വരുത്തിവയ്ക്കുന്നത്.ഏലപ്പാറ ടൗണിന് സമീപം സ്വകാര്യ തേയിലത്തോട്ടത്തിന്റെ ഉടമസ്ഥതയിലുള്ള കൊളുന്ത്പുര കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ കൂടുതലായിതമ്പടിക്കുന്നത്. പൊലീസ്, എക്‌സൈസ്, എന്നിവരുടെ ഭാഗത്തുനിന്ന് ഈ പ്രദേശത്ത് പരിശോധന ഉണ്ടാകുമ്പോൾ മുൻകൂട്ടി ഇവർ അറിയുകയും . രക്ഷപെടുകയാണുണ്ടാകുന്നത്.
പട്രോളിംഗ് ശക്തമാക്കണം
തോട്ടം മേഖല കേന്ദ്രീകരിച്ച് മദ്യം, ലഹരിമരുന്ന് മാഫിയകൾ വളരെ ശക്തമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി നിരവധി പരാതികളാണ് ഇത്തരം സംഘങ്ങളുടെ പേരിൽ പൊലീസിലും എക്‌സൈസും ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാൽ ഇവരെ അമർച്ച ചെയ്യാൻ അധികാരികൾക്ക് കഴിയുന്നില്ല. പൊലീസ് അധികൃതരുടെ നേതൃത്വത്തിൽ പകലും രാത്രിയിലും തോട്ടം മേഖലയുടെ ഉൾപ്രദേശങ്ങളിലേക്കും പട്രോളിങ്ങ് വേണമെന്നാവശ്യം ശക്തമായിരിക്കയാണ്.