തൊടുപുഴ: നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് കൈക്കൂലിക്കേസിൽ പ്രതിയായ ശേഷം ഇന്ന് നടക്കുന്ന ആദ്യ നഗരസഭാ കൗൺസിൽ യോഗം പ്രക്ഷുബ്ധമായേക്കും. കേസിൽപ്പെട്ടതിന് പിന്നാലെ ചെയർമാൻ സ്ഥാനത്ത് നിന്ന് സനീഷ് ജോർജ്ജ് അവധിയെടുത്തതോടെ വൈസ് ചെയർപേഴ്സൺ ജെസി ആന്റണിയാണ് കൗൺസിൽ യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 9.30മുതൽ മുനിസിപ്പൽ ഓഫീസിന് മുന്നിൽ വമ്പിച്ച പ്രതിരോധ സമരം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കൗൺസിൽ യോഗത്തിലും യു.ഡി.എഫ് കൗൺസിലർമാർ ഉപരോധം നടത്തും. ഈ സാഹചര്യത്തിൽ കൗൺസിലിൽ പങ്കെടുക്കാൻ ചെയർമാനെത്തിയാൽ യു.ഡി.എഫും ബി.ജെ.പിയും തടയും. ഇപ്പോഴത്തെ സാഹചര്യത്തിൽ എൽ.ഡി.എഫും ചെയർമാനെതിരായ നിലപാട് സ്വീകരിക്കും.

ചെയർമാനുള്ള പിന്തുണ എൽ.ഡി.എഫ് പിൻവലിച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തയ്യാറായിട്ടില്ല. ഇതിനിടെ ചെയർമാൻ യു.ഡി.എഫ് പക്ഷത്തേയ്ക്ക് അടുക്കുന്നെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. 35 അംഗ ഭരണസമിതിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പതാം വാർഡ് ഒഴിച്ച് നിറുത്തിയാൽ എൽ.ഡി.എഫ്- 14, യു.ഡി.എഫ്- 12, ബി.ജെ.പി- എട്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ഉപതിരഞ്ഞെടുപ്പിൽ ജോർജ് ജോൺ വിജയിച്ചാൽ യു.ഡി.എഫിന് 13 അംഗങ്ങളാകും. ചെയർമാനുള്ള പിന്തുണ പിൻവലിച്ചതിനാൽ എൽ.ഡി.എഫിനും 13 അംഗങ്ങളാകും. സനീഷ് ജോർജ്ജ് കൂടി ഒപ്പം ചേർന്നാൽ യു.ഡി.എഫ് കക്ഷിനില 14 ആവുകയും കേവലഭൂരിപക്ഷം ലഭിക്കുകയും ചെയ്യും.

ശക്തമായ സമരമെന്ന് യു.ഡി.എഫ്
മുനിസിപ്പൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ഇന്ന് നഗരസഭയ്ക്ക് മുന്നിലും കൗൺസിൽ ഹാളിലും ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് മണ്ഡലം ചെയർമാൻ എം.എ. കരീം, കൺവീനർ കെ.ജി. സജിമോൻ, സെക്രട്ടറി ഫിലിപ്പ് ചേരിയിൽ എന്നിവർ പറഞ്ഞു. തൊടുപുഴയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുനിസിപ്പൽ ചെയർമാൻ അഴിമതി കേസിൽ ഉൾപ്പെടുന്നത്. അസിസ്റ്റന്റ് എൻജിനിയർക്ക് കൈക്കൂലി നൽകാൻ പ്രേരിപ്പിച്ചു എന്നുള്ളതിൽ വിജിലൻസിന് ലഭിച്ച വ്യക്തമായ തെളിവുകൾ ഹൈക്കോടതിയിലെ കേസിൽ ഹാജരാക്കുമോയെന്ന് യു.ഡി.എഫിന് ആശങ്കയുണ്ട്. ചെയർമാന് എൽ.ഡി.എഫ് പിന്തുണ പിൻവലിച്ചെങ്കിലും അദ്ദേഹത്തെ കൂറുമാറ്റത്തിലൂടെ അധികാരത്തിൽ എത്തിച്ച എൽ.ഡി.എഫിന് സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള ബാദ്ധ്യതയുണ്ടെങ്കിലും അതിന് അവർ ഇതുവരെ തയ്യാറായിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.