ഓടനിർമ്മാണം പാതിവഴിയിൽ അവസാനിപ്പിച്ചിരുന്നു
കട്ടപ്പന: പാറക്കടവ് അപ്പാപ്പൻ പടി റോഡിൽ ഓട നിർമ്മിക്കുന്നതിനായി കുഴി എടുത്ത ശേഷം മണ്ണിട്ട് മൂടിയ സ്ഥലത്ത്
ടോറസ് ലോറി ഉൾപ്പടെ 3 വാഹനങ്ങൾ കുടുങ്ങി. ഉറപ്പില്ലാതെ മണ്ണ് മാത്രം ഇട്ട് കുഴി മൂടിയിരുന്നു. ഇവിടെയാണ് ചൊവ്വ പുലർച്ചെ മെറ്റലുമായി എത്തിയ ടോറസ് ലോറി കുടുങ്ങിയത്.ഇതേ റോഡിൽ നടക്കുന്ന കോൺക്രീറ്റിംഗ് ജോലിക്ക് മെറ്റിൽ കയറ്റി വരുന്നതിനിടയിലാണ് ലോറി ചെളിയിൽ താഴ്ന്നത്.മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ജെ.സി.ബി ഉപയോഗിച്ചാണ് വാഹനം കയറ്റിയത്.ഏതാനും മാസങ്ങൾക്ക് മുൻപാണ് കട്ടപ്പന നഗരസഭ പാറക്കടവിൽ റോഡിന്റെ തുടക്കഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലം സംരക്ഷിക്കുന്ന രീതിയിൽ റോഡ് ഇടിച്ച് ഓട നിർമ്മിക്കാൻ തുടങ്ങിയത്.നാട്ടുകാർ ഇതിനെതിരെ പ്രതിഷേധിച്ചതോടെ നിർമ്മാണം നിർത്തി.പിന്നീട് ഇതേ റോഡിന്റെ മറ്റൊരു ഭാഗത്ത് കുഴിയെടുത്ത് ഇവിടെ നിന്നുള്ള മണ്ണ് കൊണ്ട് വന്ന് ഓട മൂടി എഞ്ചിനീയർ തടിതപ്പി.പിന്നാലെ മഴയും കനത്തതോടെ ഈ ഭാഗം ചെളിക്കുണ്ടായി മാറുകയായിരുന്നു.
അറിയതെ
ചെളിയിൽ താഴും
മണ്ണിട്ട് നികത്തിയതിനാൽ വലിയ കുഴിയാണെന്ന് അറിയാതെ പലവാഹനകളും ഇവിടെ പാർക്ക് ചെയ്ത് ചെളിയിൽ അകപ്പെടുന്നുണ്ട്.ടോറസ് ലോറിക്ക് പുറമെ പിക്കപ്പ് ജീപ്പും കാറും മണിക്കൂറുകളുടെ ഇടവേളയിൽ കുടുങ്ങി.നാട്ടുകാരുടെ സഹായത്തോടെയാണ് കുടുങ്ങിയ വാഹനങ്ങൾ കയറ്റിയത്.റോഡിന്റെ ശോചനീയവസ്ഥയ്‌ക്കൊപ്പം ആളുകളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം അശാസ്ത്രീയ നിർമ്മാണത്തിൽ പ്രദേശവാസികൾ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.