പണമിടപാട് സംബന്ധിച്ച് വിവരം ലഭിച്ചതായി സൂചന
തൊടുപുഴ: കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ നഗരസഭാ ചെയർമാൻ സനീഷ് ജോർജിനെ നാല് മണിക്കൂറോളം ചോദ്യം ചെയ്ത വിജിലൻസിന് ചെയർമാനെതിരെ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ചെയർമാന് ലഭിക്കുന്ന 17,000 രൂപ ഓണറേറിയത്തിൽ കൂടുതൽ പണം സനീഷ് കൈകാര്യം ചെയ്യുന്നുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയതായാണ് വിവരം. എന്നാൽ ചെയർമാന് ചാരിറ്റി പ്രവർത്തനങ്ങളുമുള്ളതിനാൽ അക്കൗണ്ടിൽ വരുന്ന പണം കൈക്കൂലിയാണെന്ന് കരുതാനാവില്ല. രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ നടത്തിയ പണമിടപാടുകളും പരിശോധിക്കും. അസി. എൻജിനിയറുമായി ചെയർമാൻ പണമിടപാട് നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും. മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് ഇടനിലക്കാരനായി നിന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. അതേസമയം പലതവണ നഗരസഭയിൽ കയറിയിറങ്ങിയിട്ടും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെ അസി. എൻജിനിയർക്ക് പണം നൽകേണ്ടി വരുമെന്ന് സ്‌കൂൾ അഡ്മിനിസ്‌ട്രേറ്ററോട് പറഞ്ഞെന്ന മൊഴിയിൽ ചെയർമാൻ ഉറച്ചുനിന്നു. പിടിയിലായ അസി. എൻജിനിയറെ മുമ്പ് പലവട്ടം താക്കീത് ചെയ്തിട്ടുണ്ടെന്നും കൗൺസിലർമാരടക്കം ആരും രേഖാമൂലം പരാതിപ്പെടാത്തതിനാലാണ് ചുമതലയിൽ നിന്ന് മാറ്റിനിറുത്താതിരുന്നതെന്നും ചെയർമാൻ ചോദ്യം ചെയ്യലിൽ പറഞ്ഞു.
സനീഷ് ജോർജ്ജിന്റെ രണ്ട് ഫോണിലൂടെയും നടത്തിയ പണമിടപാടുകളുടെ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ആവശ്യമായി വന്നാൽ വീണ്ടും സനീഷിനെ വിളിപ്പിക്കുമെന്ന് വിജിലൻസ് ഡിവൈസ്.പി ഷാജു ജോസ് പറഞ്ഞു. ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് പണം നൽകണമെന്ന സനീഷിന്റെയും ഇടപാടിൽ ചെയർമാനും പങ്കാളിയാണെന്ന അസി. എൻജിനിയറുടെയും ശബ്ദരേഖകൾ വിജിലൻസിന്റെ പക്കലുണ്ട്.
ഇന്നലെ രാവിലെ മുട്ടത്തെ ഇടുക്കി വിജിലൻസ് യൂണിറ്റ് ഓഫീസിലെത്തിയ ചെയർമാനെ വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘമാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ചെയർമാന് വിജിലൻസ് നോട്ടീസ് നൽകിയിരുന്നു. അന്ന് ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഒരാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ചെയർമാൻ ഇന്നലെ വിജിലൻസിന് മുമ്പാകെ ഹാജരായത്.
'താൻ അന്വേഷണത്തോട് സഹകരിക്കുകയാണ്. വിളിപ്പിച്ചാൽ ഇനിയും ഹാജരാകും. 13ന് ശേഷം ചെയർമാൻ ചുമതലയിൽ തിരികെ പ്രവേശിക്കാമെന്നാണ് കരുതുന്നത്."
-ചെയർമാൻ സനീഷ് ജോർജ്ജ്
പ്രതികൾക്ക് ജാമ്യം
സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടഫിക്കറ്റ് നൽകാൻ ഒരു ലക്ഷം രൂപ തൊടുപുഴ നഗരസഭ അസി. എൻജിനിയർ കൈക്കൂലി വാങ്ങിയ കേസിലെ ഒന്നും മൂന്നും പ്രതികളായ അസി. എൻജിനിയർ സി.ടി. അജിയ്ക്കും ഇടനിലക്കാരൻ റോഷനും ഇന്നലെ രാവിലെ മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ഇരുവരുടെയും റിമാൻഡ് കാലാവധി അവസാനിച്ചതിനാലും അജിയ്ക്ക് അസുഖങ്ങളുണ്ടെന്ന് അറിയിച്ചതും പരിഗണിച്ചാണ് ജാമ്യം. റോഷനെ മാപ്പുസാക്ഷിയാക്കുന്നതിനെക്കുറിച്ച് വിജിലൻസ് പരിശോധിക്കുന്നുണ്ട്. ജൂൺ 25നാണ് തൊടുപുഴ കുമ്പംകല്ല് ബി.ടി.എം എൽ.പി സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി കൈമാറവേ ഇരുവരും പിടിയിലായത്. സ്കൂൾ അധികൃതരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാം പ്രതിയായ സനീഷ് ജോർജിനെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുപ്രതികളും ഒരു മാസത്തേക്ക് ജില്ല വിട്ടുപോകരുതെന്നും ആവശ്യപ്പെട്ടാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.