തൊടുപുഴ: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ അവകാശ പത്രിക മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിലും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ ക്രൂരമായി മർദിച്ചതിലും പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഗാന്ധി സ്‌ക്വയറിൽ അവസാനിച്ചു. തുടർന്ന് റോഡ് ഉപരോധം നടത്തി. ഉപരോധം നടത്തിയ പ്രവത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കംചെയ്തു. പിണറായി സർക്കാർ വിദ്യാഭ്യാസ മേഖലയെയും എസ്.എഫ്.ഐ കലാലയങ്ങളെയും തകർക്കുകയാണ്, ഇതിനെതിരെയുള പ്രതിഷേധ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്ന് കരുതേണ്ടന്ന് ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദ്, കെഎസ്.യു ജില്ലാ ഭാരവാഹികളായ അജു റോബർട്ട്, ജയ്സൺ തോമസ്, റിസ്വാൻ പാലമൂടൻ, അഷ്‌കർ ഷമീർ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ റഹ്മാൻ ഷാജി, അൽത്താഫ് സുധീർ, ജോസിൻ തോമസ് എന്നിവർ നേതൃത്വം നൽകി.