തൊടുപുഴ: ലോറേഞ്ചിലുള്ള ഉടുമ്പന്നൂർ പഞ്ചായത്തിലാണ് ഉപ്പുകുന്ന് മലനിരകൾ സ്ഥിതി ചെയ്യുന്നതെങ്കിലും ഇവിടെ ഹൈറേഞ്ചിന് സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ്. കുളമാവ് പാറമടയിൽ നിന്ന് ഉടുമ്പന്നൂരിനുള്ള വഴിയാണ് ഉപ്പുകുന്ന് ഗ്രാമം. സമുദ്രനിരപ്പിൽ നിന്ന് 2500 മുതൽ 3000 അടി വരെ ഉയരമുള്ള ഉപ്പുകുന്ന് പ്രദേശം ഡാർജിലിങ് കുന്നുകളോട് സാമ്യമുള്ളതാണ്. ഉദയവും അസ്തമയവും കാണാവുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണിത്. മനോഹരമായി നീണ്ടുനിവർന്നു കിടക്കുന്ന പുൽമേടുകളും വിദൂരക്കാഴ്ചകളുമാണ് ഉപ്പുകുന്ന് സന്ദർശകർക്ക് സമ്മാനിയ്ക്കുന്നത്. മലമുകളിൽ നിന്നുള്ള കുളമാവ് ഡാമിന്റെ വിദൂര ദൃശ്യഭംഗി ആസ്വദിക്കാനുള്ള ഉപ്പുകുന്ന് വ്യൂ പോയിന്റ് പുതിയ അനുഭവമാകുമെന്ന് തീർച്ച. മുറംകെട്ടിപ്പാറ വ്യൂ പോയിന്റും പുരാതന ഗോത്രവർഗ സംസ്‌കാരത്തിന്റ നേർക്കാഴ്ചയായ അരീപ്പാറ ക്ഷേത്രവും തുമ്പച്ചി മലയുടെയും പൊട്ടൻപടി മല നിരകളുടെയും മനോഹര കാഴ്ചകൾ ആരെയും ആകർഷിക്കും. മലയുടെ മുകളിൽ നിന്നാൽ കോടമഞ്ഞിറങ്ങുന്ന വശ്യമനോഹര ദൃശ്യവും ആസ്വദിക്കാം. തൊടുപുഴ നഗരത്തിൽ നിന്ന് വേഗത്തിൽ എത്താമെന്നതും സഞ്ചാരികൾക്ക് അനുകൂല ഘടകമാണ്. അനന്തമായ കാഴ്ചകളുമായി ഉപ്പുകുന്ന് കാത്തിരിക്കുകയാണെങ്കിലും ടൂറിസം പദ്ധതികളില്ലാത്തതിനാൽ സന്ദർശകർ ഇവിടേയ്‌ക്കെത്തുന്നില്ല. അതിനാൽ പദ്ധതികൾ തയാറാക്കി ആവശ്യമായ സുരക്ഷാ മുൻകരുതലും ഒരുക്കി ഉപ്പുകുന്നിലെ ടൂറിസം സാദ്ധ്യതകൾ സന്ദർശകർക്കായി പ്രയോജനപ്പെടുത്തണമെന്ന് നാട്ടുകാർ പറയുന്നു.
മലനിരകളിലൂടെ 13ന് മഴനടത്തം
ട്രാവൻകൂർ കൊച്ചിൻ ടൂറിസം കോ- ഓപ്പറേറ്റീവ് സൊസൈറ്റി (ടൂർകോ) തൊടുപുഴ റോട്ടറി ക്ലബ്ബ്, സി.ബി.എ ക്ലബ്ബ് ചീനിക്കുഴി എന്നിവയുടെ സഹകരണത്തോടെ ഉപ്പുകുന്ന് മലനിരകളിലൂടെ 13ന് മഴനടത്തം (മൺസൂൺ വാക്ക്) സംഘടിപ്പിക്കുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാറമട മുതൽ ചെപ്പുകുളം വരെയാണ് മഴ നടത്തം നടത്തുന്നത്. രാവിലെ 9.30ന് പാറമടയിൽ നിന്ന് ആരംഭിക്കുന്ന മഴ നടത്തം ഉപ്പുകുന്ന് വ്യൂ പോയിന്റ്, മുറംകെട്ടി പാറ, ഇരുകല്ലുംപാറ തുടങ്ങിയ പ്രദേശങ്ങളിലൂടെ ചെപ്പുകുളത്ത് സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു പാറമടയിൽ മഴനടത്തം ഫ്ളാഗോഫ് ചെയ്യും. ഉച്ചയ്ക്ക് സമാപന യോഗത്തിൽ തൊടുപുഴ കാർഷിക വികസന ബാങ്ക് ചെയർമാൻ റോയ് കെ. പൗലോസ് പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 7561032065, 8606202779 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. 500 രൂപ രജിസ്ട്രേഷൻ ഫീസുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയും കേരളത്തിലെ മൺസൂൺ കാലത്തിന്റെ അനന്തമായ സാദ്ധ്യതകൾ വികസിപ്പിക്കുന്നതിനും വേണ്ടിയാണ് പരിപാടി ഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ടൂർകോ ചെയർമാൻ കെ. സുരേഷ് ബാബു, ഡയറക്ടർ ഇന്ദു സുധാകരൻ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോബ് കെ. ജേക്കബ്, പ്രോഗ്രാം കോ- ഓർഡിനേറ്റർ കെ.വി. ഫ്രാൻസിസ്, കൺവീനർ നിബി തോമസ്, ടൂർകോ ക്രിയേറ്റീവ് കോ- ഓർഡിനേറ്റർ ഹരിത നായർ എന്നിവർ പങ്കെടുത്തു.