 എൽ.ഡി.എഫ്- യു.ഡി.എഫ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും സംഘർഷവും

തൊടുപുഴ: കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് രാജിവയ്ക്കാത്തതിനെ ചൊല്ലി തൊടുപുഴ നഗരസഭ കൗൺസിലിൽ വാക്കേറ്റവും കൈയാങ്കളിയും. ചെയർമാൻ അവധിയിലായതിനാൽ വൈസ് ചെയർപേഴ്സൺ ജെസി ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം അജണ്ടയിലേക്ക് കടക്കും മുമ്പ് ചെയർമാന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ രണ്ടു തവണ യു.ഡി.എഫ് കൗൺസിലർമാർ വൈസ് ചെയർപേഴ്സന്റെ കൈയിൽ നിന്ന് അജണ്ട തട്ടിപ്പറിച്ച് വലിച്ചുകീറി എറിഞ്ഞു. ഇതോടെ യു.ഡി.എഫ്- എൽ.ഡി.എഫ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും നേരിയ സംഘർഷവുമുണ്ടായി. ചെയർമാനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകാൻ തയ്യാറാകാത്ത ഇരു മുന്നണികളുടെയും നിലപാടിനെതിരെ ബി.ജെ.പി കൗൺസിലർമാർ അവരുടെ സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് മുദ്യാവാക്യം മുഴക്കി പ്രതിഷേധിച്ചു. സംഘർഷം കണക്കിലെടുത്ത് കൗൺസിൽ അജണ്ടകൾ പരിഗണിക്കാതെ പിരിഞ്ഞു. കൗൺസിൽ യോഗത്തിൽ നിന്ന് അഞ്ച് എൽ.ഡി.എഫ് അംഗങ്ങൾ വിട്ടു നിന്നതും ശ്രദ്ധേയമായി. ബുധനാഴ്ച രാവിലെ 11ന് തന്നെ കൗൺസിൽ ആരംഭിച്ചു. നടപടികളിലേക്ക് കടക്കും മുമ്പ് കേരള കോൺഗ്രസ് കൗൺസിലർ അഡ്വ. ജോസഫ് ജോൺ ചെയർമാൻ രാജി വയ്ക്കാതെ കൗൺസിൽ യോഗം നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞു. മുനിസിപ്പൽ ചട്ടപ്രകാരം അവധിയെടുക്കാൻ ചെയർമാന് അധികാരമില്ലെന്നും എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിലൂടെ ചെയർമാനെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും എതിർക്കുന്ന സാഹചര്യത്തിൽ ചെയർമാൻ രാജിവയ്ക്കണമെന്നും അല്ലാതെ കൗൺസിൽ തുടരാൻ അനുവദിക്കില്ലെന്നും കോൺഗ്രസ് കൗൺസിലർ കെ. ദീപക്കും പറഞ്ഞു. ചെയർമാൻ രാജിവയ്ക്കണമെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ലെന്നും എന്നാൽ വ്യക്തമായ അംഗബലമില്ലാതെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കഴിയില്ലെന്നും എൽ.ഡി.എഫ് കൗൺസിലർ മുഹമ്മദ് അഫ്സൽ പറഞ്ഞു. ചെയർമാനെ കൗൺസിലിൽ കാൽ കുത്താൻ തങ്ങളും അനുവദിക്കില്ലെന്നും കൗൺസിലിന് അകത്തും പുറത്തും ഇടതുപക്ഷം ശക്തമായ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാനെ പുറത്താക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തയ്യാറാകാത്ത യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി കൗൺസിലർ പി.ജി. രാജശേഖരൻ പറഞ്ഞു. ചെയർമാൻ രാജിവയ്ക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും എന്നാൽ കൗൺസിൽ യോഗം തടസപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അജണ്ട വായിക്കാൻ തുടങ്ങിയതോടെ യു.ഡി.എഫ് അംഗങ്ങൾ ഡയസിനടുത്തെത്തി വൈസ് ചെയർമാന്റെ മേശയിൽ തട്ടി ബഹളമുണ്ടാക്കി. ഇതിനിടെ യു.ഡി.എഫ് കൗൺസിലർ അബ്ദുൾ കരീം വൈസ് ചെയർപേഴ്സന്റെ മുന്നിലിരുന്ന അജണ്ട കീറിയെറിഞ്ഞു. ഇതോടെ മുഹമ്മദ് അഫ്സലിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ കൂടി ഡയസിന് അടുത്തേക്കെത്തി വൈസ് ചെയർപേഴ്സന് പ്രതിരോധമൊരുക്കി. ഇതോടെ കൗൺസിലർമാർ തമ്മിൽ വാക്കേണ്ടവും നേരിയ സംഘർഷവും ഉടലെടുത്തു. തുടർന്ന് യോഗം അരമണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. യോഗം വീണ്ടും ചേർന്നപ്പോഴും യു.ഡി.എഫ് പ്രതിഷേധം തുടർന്നു. ഇതിനിടെ അജണ്ട വൈസ് ചെയർപേഴ്സൻ വായിക്കാൻ ശ്രമിച്ചു. ഇതോടെ അജണ്ട യു.ഡി.ഡി.എഫ് വനിത കൗൺസിലർമാർ ചേർന്ന് തട്ടിപ്പറിച്ച് വീണ്ടും കീറിയെറിഞ്ഞു. കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങിയതോടെ കൗൺസിൽ യോഗം 12.05ന് പിരിച്ചുവിട്ടു.

നഗരസഭയ്ക്ക് പുറത്തും പ്രതിഷേധം

യു.ഡി.എഫിന്റെ നേതൃത്വത്തിൽ നഗരസഭയ്ക്ക് പുറത്തും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 9.30 മുതൽ നേതാക്കൾ നഗരസഭാ കാര്യാലയത്തിന് മുന്നിൽ അണിനിരന്നു. മുൻ ഡി.സി.സി പ്രസിഡന്റ് ജോയി തോമസ് ഉദ്ഘാടനം ചെയ്തു. കൈക്കൂലിക്കേസിൽ രണ്ടാം പ്രതിയായ ചെയർമാനെ നഗരസഭയിൽ തുടരാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ എം.എ. കരീം അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ.ഐ. ബെന്നി, ഷിബിലി ഷാഹിബ്, എ.എം. ഹാരിദ്, കൗൺസിലർമാരായ കെ. ദീപക്, സഫിയ ജബ്ബാർ, ജോസഫ് ജോൺ തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നഗരസഭ കാര്യത്തിന് മുന്നിൽ പൊലീസ് സംഘം സ്ഥാപിച്ച ബാരിക്കേഡിൽ കരിങ്കൊടികൾ നാട്ടി പ്രതിഷേധിച്ചു. മുസ്ലീംലീഗിന്റെ പോഷകസംഘടനയായ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിൽ ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് മുന്നിൽ ഒപ്പുമതിൽ തീർത്തു.