തൊടുപുഴ: നഗരസഭയിൽ അഴിമതി കേസിൽപ്പെട്ട ചെയർമാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തുന്ന സമരവും ചെയർമാന് പിന്തുണ പിൻവലിച്ചെന്ന് അവകാശപ്പെട്ട് എൽ.ഡി.എഫ് നടത്തുന്ന വീമ്പുപറച്ചിലും പൊതുജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം അഭിപ്രായപ്പെട്ടു.
ഇരുമുന്നണികൾക്കും ആവിശ്വാസം കൊണ്ടു വന്ന് വ്യവസ്ഥാപിതമായ മാർഗത്തിലൂടെ ചെയർമാനെ പുറത്താക്കാൻ സാധിക്കുമെന്നിരിക്കെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി പൊതുജങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാട് സ്വീകരിക്കുന്നത് ജനദ്രോഹമാണ്. തൊടുപുഴ നഗരസഭയിൽ വഴിവിളക്കുകൾ, പൊതു ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി അടിയന്തരമായി കൗൺസിൽ തീരുമാനമെടുത്ത് നടപ്പിലാക്കേണ്ട നിരവധി കാര്യങ്ങളാണ് ഇരുമുന്നണികളും എടുക്കുന്ന നിലപാട് മൂലം മുടങ്ങിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാരണം ഏപ്രിലിൽ ആരംഭിക്കേണ്ട പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതായിരുന്നു. നഗരസഭയിൽ അവിശ്വാസ നോട്ടീസ് കൊടുക്കാനുള്ള അംഗസംഖ്യ 12 ആണ്. അത് ബി.ജെ.പിക്ക് ഇല്ലാത്തതിനാൽ ആവിശ്വാസ നോട്ടീസ് നൽകാൻ സാധിക്കില്ല. അതിന് അംഗ ബലമുള്ള മുന്നണികൾ തയ്യാറാവാത്തത് കള്ളകളിയാണെന്ന് തിരിച്ചറിയണമെന്ന് യോഗം അഭ്യർത്ഥിച്ചു. പാർലമെന്ററി പാർട്ടി യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ജി. രാജശേഖരൻ, ബിന്ദു പത്മകുമാർ, കൗൺസിലർമാരായ ജിതേഷ്. സി, ജിഷ ബിനു, ജയലക്ഷ്മി ഗോപൻ, ശ്രീലക്ഷ്മി കെ. സുദീപ് തുടങ്ങിയവർ പങ്കെടുത്തു.