തൊടുപുഴ: കാലഹരണപ്പെട്ട ഏകവിളത്തോട്ടങ്ങളുൾപ്പെടുന്ന 27,000 ഹെക്ടർ വനഭൂമി ഇനി സ്വാഭാവിക വനമാക്കുമ്പോൾ മാതൃകയാക്കുന്നത് വട്ടവടയിലെ പഴത്തോട്ടം ഹരിതവനം. ആവാസ വ്യവസ്ഥയ്ക്ക് ദോഷകരമായ അക്കേഷ്യ, യൂക്കാലി, വാറ്റിൽ തുടങ്ങിയവ ഇടതൂർന്ന് വളരുന്ന ഏകവിള തോട്ടങ്ങൾ നീക്കം ചെയ്ത് സ്വാഭാവിക വനങ്ങങ്ങൾ വച്ചുപിടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞിരുന്നു. മണ്ണിന്റെ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെടുത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് തന്നെ കോട്ടംവരുത്തുന്ന ഇത്തരം കൃഷി ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് സർക്കാർ തീരുമാനം. ഇതിന് പ്രചോദനമായത് വട്ടവട ആനമുടിച്ചോല നാഷണൽ പാർക്കിൽ ഉൾപ്പെട്ട പഴന്തോട്ടമെന്ന ഹരിതാഭ ഭൂമിയാണ്. 1976ൽ അക്കേഷ്യ ഇനത്തിൽപ്പെട്ട ബ്ലാക്ക് വാറ്റിൽ മരങ്ങൾ കൊണ്ട് നിബിഡമായിരുന്നു ഇവിടം. 2019ൽ ഉണ്ടായ കാട്ടുതീയിൽ കുറച്ച് ഭാഗം തീ പിടിച്ച് നശിച്ചപ്പോൾ വനംവകുപ്പ് നടത്തിയ പരീക്ഷണമാണ് വിജയംകണ്ടത്. തൂക്കായ ഈ പ്രദേശത്ത് പുല്ല് വളർത്തുക എന്ന ആശയം നടപ്പിലാക്കുകയായിരുന്നു. തീയിൽ കരിഞ്ഞ് വീണതും കുറ്റി മാത്രമായി അവശേഷിച്ചതുമായ വാറ്റിൽ മരങ്ങൾ കൊണ്ടു തന്നെ തട്ട് തട്ടായി ഭൂമി തിരിച്ച് മണ്ണൊലിപ്പ് തടഞ്ഞു. പ്രാദേശികമായി കിട്ടുന്ന പുല്ലുകൾ ശേഖരിച്ച് നട്ടുപിടിപ്പിച്ചു. കളകൾ പറിച്ചു മാറ്റി നല്ല സംരക്ഷണം കൊടുത്തപ്പോൾ വന്യമൃഗങ്ങൾ വരാൻ തുടങ്ങി. മാൻ, കേഴ, കാട്ടുപോത്ത് തുടങ്ങിയവ വന്നതോടെ ഇരതേടി കടുവകളും എത്തി. ഇതോടെ സ്വഭാവിക ആവാസ വ്യവസ്ഥയിലേക്ക് എത്തിച്ചേരുകയായിരിന്നു അവിടം. ഇതുവരെ കാണാതിരുന്ന നീരുറവകളും പ്രത്യക്ഷപ്പെട്ടു. അവ ചെറിയ കൈത്തോടിന്റെ രൂപത്തിലേയ്ക്ക് മാറുകയും ചെയ്തു. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് തടിയിൽ തീർത്ത വീടുകൾ നിർമ്മിച്ചപ്പോൾ ഇവിടം എക്കോ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറി. വനം വകുപ്പിന്റെ സൈറ്റിൽ ബുക്ക് ചെയ്ത് താമസിക്കാനും ട്രക്കിംഗിനുമായി ആളുകൾ എത്തിയപ്പോൾ വരുമാന മാർഗ്ഗവുമായി. പുതിയ രീതിയിലെ വനവത്കരണത്തിന് ഒരു ഹെക്ടറിന് രണ്ടു ലക്ഷം രൂപ ചെലവ് വന്നു. 20 ആദിവാസികൾക്ക് തൊഴിലുമായി. വനംവകുപ്പിലെ മുൻവാർഡൻ ആർ. ലക്ഷ്മി, നിലവിലെ വാർഡൻ എസ്.ബി. വിനോദ്, റേഞ്ച് ഓഫീസറന്മാരായ അരുൺ കെ. നായർ, സമീർ എം.കെ, ബീറ്റ് ഓഫീസറും ഹരിത വസന്തം എക്കോ ഡവലപ്‌മെന്റ് സെക്രട്ടറിയുമായ എച്ച്. ഗിരീഷ് എന്നിവരാണ് മികവാർന്ന പദ്ധതിയ്ക്ക് രൂപം നൽകിയത്.
അക്കേഷ്യ, യൂക്കാലി, വാറ്റിൽ മരങ്ങൾ നീക്കും
'ആവാസ വ്യവസ്ഥയ്ക്ക് ദോഷകരമായ അക്കേഷ്യ, യൂക്കാലി, വാറ്റിൽ തുടങ്ങിയ ഏകവിള തോട്ടങ്ങൾ നീക്കം ചെയ്ത് സ്വാഭാവിക വനങ്ങൾ വയ്ക്കും. 27000 ഹെക്ടർ സ്ഥലത്തെ ഏകവിള തോട്ടങ്ങൾ 20 വർഷം കൊണ്ട് സ്വാഭാവിക വനമാക്കും. ജൈവവൈവിധ്യത്തിന് ഭീഷണിയായ ലെന്റാന, മൈക്കേനിയ, സെന്ന തുടങ്ങിയ സസ്യങ്ങൾ ഒഴിവാക്കി തദ്ദേശീയ സസ്യങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കി വരുകയാണ്."
-വനംമന്ത്രി എ.കെ. ശശീന്ദ്രൻ (നിയമസഭയിൽ പറഞ്ഞത്)
കറുത്തവാറ്റിൽ വന്നത് ആസ്‌ത്രേലിയയിൽ നിന്ന്
അക്കേഷ്യയുടെ കുടുംബത്തിൽപ്പെട്ട മുള്ളില്ലാത്ത ഒരു മരമാണ് കറുത്ത വാറ്റിൽ. (ശാസ്ത്രീയനാമം: Acacia mearnsii). ലോകത്തിലെ ഏറ്റവും മോശം അധിനിവേശ സ്പീഷിസിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്. ആസ്‌ത്രേലിയൻ വംശജനാണെങ്കിലും ലോകം മുഴുവൻ വ്യാപിച്ച ഒരു കളയാണിത്. ചെന്നിടത്തെല്ലാം അവിടത്തെ സസ്യജാലത്തിന് നാശം വരുത്തിയിട്ടുണ്ട്. ജൈവവൈവിദ്ധ്യത്തിനും ശത്രുവാണ്. വിറകിനായാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.