kinar
ഉപയോഗ്യശൂന്യമായ ഏലപ്പാറയിലെ പൊതു കിണർ

പീരുമേട്: ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്ത് പഞ്ചായത്ത് നിർമ്മിച്ച പൊതു കിണർ മാലിന്യമയമായി. കിണറിന്റെ പരിസരപ്രദേശങ്ങളിൽ കാടും,വള്ളി പടർപ്പുകളും വളർന്ന് വെള്ളം ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. വെള്ളം മലിനമായതു കൊണ്ട് തന്നെ നാട്ടുകാർ കിണറിനെ പാടെ ഉപേക്ഷിച്ചിരിക്കുകയാണ്.ആശുപത്രി അധികൃതർ സമീപത്തെ വീട്ടിൽ നിന്നുമാണ് ഇപ്പോൾ വെള്ളം ശേഖരിക്കുന്നത്.
ഏതാനുംവർഷങ്ങൾക്കു മുൻപ് ഏലപ്പാറ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം കുടിവെള്ളത്തിനും മറ്റു ആവശ്യങ്ങൾക്കുമായി പൊതു കിണർ നിർമ്മിച്ചത് . പ്രദേശത്തെ വ്യാപാരികളും ആശുപത്രിയിലെ ആവശ്യങ്ങൾക്കുമായി ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ കൃത്യമായി കിണറും പരിസരങ്ങളും ശുചീകരിക്കാത്തത് കൊണ്ട് കിണറിന്റെ ഭാഗങ്ങൾ മാലിന്യങ്ങൾ നിറഞ്ഞിരിക്കയാണ്. കിണറിന് ഒരു മൂടി പോലുമില്ല പക്ഷികൾ ഉൾപ്പടെ ഇതിന്റെ സമീപം വിസർജിക്കുന്നു. കിണർ ഉപയോഗപ്രദമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.