തൊടുപുഴ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിവിധ ആനുകൂല്യങ്ങളുടെ സംസ്ഥാനതല വിതരണം നാളെ തൊടുപുഴയിൽ നടക്കും. രാവിലെ 10ന് വെങ്ങല്ലൂർ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ 2023ൽ എസ്.എസ്.എൽ.സിയ്ക്ക് സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സ്വർണമെഡലും ക്യാഷ് അവാർഡും നൽകും. ഏഴു പേർക്കാണ് വിതരണം ചെയ്യുക. പ്രൊഫഷണൽ കോഴ്സുകൾക്ക് ഒന്നാം വർഷം പ്രവേശനം ലഭിച്ച 22 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ നൽകും. ചെത്ത് തൊഴിലാളികളിൽ ജില്ലാതലത്തിൽ കൂടുതൽ സർവീസ് ഉള്ളവർക്കും കൂടുതൽ കള്ള് അളക്കുന്നവർക്കും പാരിതോഷികവും നൽകും. ആകെ 37 പേരാണ് അർഹരായവർ. ബോർഡ് ചെയർമാൻ എൻ.വി. ചന്ദ്രബാബു അദ്ധ്യക്ഷനാകും. സ്വർണമെഡൽ മന്ത്രി റോഷി അഗസ്റ്റിനും ലാപ്‌ടോപ്പ് എം.എം. മണി എം.എൽ.എയും വിതരണം ചെയ്യും. കൂടുതൽ സർവീസ് ഉള്ളവർക്കുള്ള പാരിതോഷികം വാഴൂർ സോമൻ എം.എൽ.എ വിതരണം ചെയ്യും. കൂടുതൽ കള്ള് അളക്കുന്ന തെങ്ങ്,​ പന ചെത്തുതൊഴിലാളികൾക്കുമുള്ള പാരിതോഷികം യഥാക്രമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, കെ.ടി.ഐ.ഡി ബോർഡ് ചെയർമാൻ യു.പി. ജോസഫ് എന്നിവർ നൽകും. വാർത്താസമ്മേളനത്തിൽ ബോർഡംഗം ഷാജി തോമസ്, സ്വാഗതസംഘം സെക്രട്ടറിമാരായ കെ.വി. ജോയ്, പി.പി. ജോയ്, വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ സെയ്യദ് ഖാൻ എന്നിവർ പങ്കെടുത്തു.