car

കുമളി: കാനന ഭംഗി തൊട്ടറിഞ്ഞ് തേക്കടി യാത്ര നടത്താൻ വനം വകുപ്പിന്റെ ബഗ്ഗി കാറുകൾ എത്തി. തേക്കടി സന്ദർശനത്തിനെത്തുന്ന സ്വദേശ വിദേശ സഞ്ചാരികൾക്ക് ഇനി മുതൽ വനം വകുപ്പിന്റെ ചെക്ക്‌പോസ്റ്റിൽ നിന്നും ബഗ്ഗി കാറിൽ കയറാം. ആറ് പേർക്ക് യാത്ര ചെയ്യാവുന്ന രണ്ട് ബഗ്ഗി കാറുകളാണ് ഇപ്പോൾ ഇതിനായി എത്തിച്ചിട്ടുള്ളത്. തേക്കടി ചെക്ക് പോസ്റ്റ് മുതൽ തേക്കടി ബോട്ട് ലാൻഡിങ് വരേയുള്ള നിബിഡ വനത്തിലൂടെയാണ് ബഗ്ഗി കാറിൽ യാത്ര ചെയ്ത് വനഭംഗി ആവോളം ആസ്വദിച്ചു യാത്ര ചെയ്യാൻ പറ്റുന്നത്. മൂന്ന് കിലോമീറ്ററോളം ദൈർഘ്യമുള്ള യാത്രയ്ക്കിടെ വനത്തിലെ കാഴ്ച്ചകൾ കാണുന്നതിനൊപ്പം ആമ പാർക്കൽ ഇറങ്ങി ചിത്രങ്ങൾ പകർത്തുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബഗ്ഗി കാറിൽ യാത്രക്കാർക്ക് പക്ഷി നിരീക്ഷണത്തിന് ബൈനോക്കുലർ ലഭിക്കും. തേക്കടി കാടിനേക്കുറിച്ച് ആഴത്തിലുള്ള വിവരങ്ങൾ നൽകാൻ പരിശീലനം ലഭിച്ച വനം വകുപ്പ് വാച്ചർ മാർ ഗൈഡിന്റെ സേവനം സഞ്ചാരികൾക്ക് നൽകും. പ്രായമായവർക്കും നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും വളരെ ഉപകാര പ്രദമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ബഗ്ഗികാർ സർവ്വീസ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബഗ്ഗികാർ ചാർജജ് ചെയ്യാൻ ചെക്ക്‌പോസ്റ്റിലും ബോട്ട് ലാൻഡിങിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ഒരു മണികൂർ കൊണ്ട് പൂർത്തിയാകുന്ന യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരാർക്ക് ഇരുനൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്. തേക്കടിയിലെ വിനോദ സഞ്ചാരരംഗം വിപുലമാക്കുന്നതിന് പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ട പി.പി. പ്രമോദ് രൂപം നൽകിയ പദ്ധതികളുടെ ഭാഗമായാണ് പതിനാല് ലക്ഷം രൂപ വിലവരുന്ന രണ്ട് ബഗ്ഗി കാറുകൾ വാങ്ങിയത്. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ വാഹന പാർക്കിങ് വനത്തിന് പുറത്ത് ആനവച്ചാലിലേയ്ക്ക് മാറ്റിയതോടെ വനത്തെ അടുത്തറിയാൻ അവസരം നഷ്ടപ്പെട്ടവർക്ക് ഇപ്പോൾ വീണ്ടും കാനന ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാൻ അവസരം ഉണ്ടായിരിക്കുകയാണ്. ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും നിലവിൽ ഡീസൽ ബസ്സുകളിലാണ് സഞ്ചാരികളെ തേക്കടി ബോട്ട് ലാൻഡിങിൽ എത്തിക്കുന്നത്.