തൊടുപുഴ: നഗരസഭ ഒമ്പതാം വാർഡായ പെട്ടേനാട് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബാബു ജോർജ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചപ്പോൾ ആറ് പേരാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. ജോർജ് ജോൺ കൊച്ചുപറമ്പിൽ (യു.ഡി.എഫ്), ബാബു ജോർജ് (എൽ.ഡി.എഫ്), രാജേഷ് പൂവാശേരിൽ (ബി.ജെ.പി), റൂബി വർഗീസ് ചോങ്കരയിൽ (ആംആദ്മി പാർട്ടി), ജമാൽ വെട്ടിക്കാട്ടുകുന്നേൽ, തങ്കച്ചൻ ജോൺ നെടുങ്കല്ലേൽ എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ആറ് സ്ഥാനാർത്ഥികൾക്കായി ആകെ പത്തു പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോർജ് ഇന്നലെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. സി.പി.എം ഈസ്റ്റ് ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, ജെസി ആന്റണി, ദിലീപ് പുത്തിരിയിൽ, അബ്ബാസ് കൈനിക്കൻ, സി. ജയകൃഷ്ണൻ, ഫാത്തിമ അസീസ് തുടങ്ങിയ എൽ.ഡി.എഫ് നേതാക്കൾക്കൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജോർജ് ജോണും ബി.ജെ.പി സ്ഥാനാർത്ഥിയായി രാജേഷ് പൂവാശേരിലും മത്സരിക്കും. കഴിഞ്ഞ തവണ യു.ഡി.എഫ് ലേബലിൽ മുസ്ലീംലീഗ് സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച ജെസി ജോണി പിന്നീട് കൂറു മാറി എൽ.ഡി.എഫ് പക്ഷത്ത് ചേർന്ന് വൈസ് ചെയർപേഴ്സണായിരുന്നു. തുടർന്ന് യു.ഡി.എഫ് നൽകിയ ഹർജിയെ തുടർന്ന് ഇവരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കി. തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
തോപ്രാംകുടി : ഡോളി സുനിൽ യു. ഡി. എഫ് സ്ഥാനാർത്ഥി
ചെറുതോണി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തോപ്രാംകുടി ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ഡോളി സുനിൽ പുറപ്പന്താനത്ത് ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉപവരണാധികാരി മുഹമ്മദ് സബീർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു യു.ഡി.എഫ് നേതാക്കളായ ഏ. പി.ഉസ്മാൻ, നോബിൾ ജോസഫ്, അനീഷ് ചേനക്കര ,സെബാസ്റ്റ്യൻ മ്ലാക്കുഴി, സാജു കാരക്കുന്നേൽ, അഭിലാഷ്പാലക്കാട്ട്, അഡ്വ. എബി തോമസ്, ബിബിൻ എബ്രാഹം, ജോയി അരിമറ്റത്തിൽ, പ്രദീപ് ജോർജ്, മാത്യൂ കൈച്ചിറ തുടങ്ങിയവരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.