കഴിഞ്ഞമാസം വിതരണം ചെയ്ത കിറ്റിലാണ് മായം കലർന്ന വെളിച്ചെണ്ണ ലഭിച്ചത്

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ആവശ്യമായ ചികിത്സയും മാർഗനിർദേശവും നൽകി

തൊടുപുഴ: ആദിവാസികൾക്ക് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലെ വെളിച്ചെണ്ണ ഉപയോഗിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമായിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ. കഴിഞ്ഞമാസം വിതരണം ചെയ്ത കിറ്റിലാണ് മായം കലർന്ന വെളിച്ചെണ്ണ ഉൾപ്പെടുത്തിയിരുന്നത്. വെളിച്ചെണ്ണ ഉപയോഗിച്ച് മൂലക്കാട്, വെണ്ണിയാനി, കട്ടിക്കയം, പെരുമ്പാപ്പതി, ഉപ്പുകുന്ന്, കള്ളിക്കൽ, പെരിങ്ങാശേരി, ഗുരുതിക്കളം എന്നിവിടങ്ങളിൽ നിന്നുള്ള അറുപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവർ സമീപ ആശുപത്രികളിൽ ചികിത്സ തേടി. ഉടുമ്പന്നൂർ പഞ്ചായത്തിലെ വെണ്ണിയാനിയിൽ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള സാദ്ധ്യത മുൻനിറുത്തി സ്ഥലത്ത് ഉടൻ തന്നെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ആവശ്യമായ ചികിത്സയും മാർഗനിർദേശവും നൽകി. സംഭവത്തിൽ ആദിവാസി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പരാതി നൽകിയതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വെളിച്ചെണ്ണയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം ഉടൻ വരുമെന്നും ഇതിനു ശേഷമേ മായം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. കിറ്റിലുണ്ടായിരുന്ന വെളിച്ചെണ്ണയുടെ കവറിൽ രേഖപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പറിൽ ഒമ്പതക്കം മാത്രമാണുണ്ടായിരുന്നത്. മായം കലർന്ന വെളിച്ചെണ്ണയാണ് വിതരണം ചെയ്തതെന്ന് കണ്ടെത്തിയതോടെ പലരും ഇതുപയോഗിക്കാൻ തയ്യാറായില്ല. സംസ്ഥാനത്ത് ഒരു ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തതായാണ് കണക്ക്. ഇതിൽ ചിലയിടങ്ങളിൽ വിതരണം ചെയ്ത കിറ്റിലാണ് നിരോധിച്ച വെളിച്ചെണ്ണ പായ്ക്കറ്റുകൾ ഉൾപ്പെടുത്തിയിരുന്നതെന്നാണ് സൂചന. അതേ സമയം വിവിധ കമ്പനികളുടെ പേരിൽ സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്ന പരാതി വ്യാപകമാകുമ്പോഴും അധികൃതർ നിസംഗത പുലർത്തുകയാണെന്നാണ് ആക്ഷേപം.

നിരോധിച്ച ബ്രാൻഡ്,​

വിതരണം സ്വകാര്യ കമ്പനി

ആദിവാസികൾക്കുള്ള ഫുഡ് സപ്പോർട്ട് പദ്ധതി പ്രകാരം കഴിഞ്ഞ മാസം വിതരണം ചെയ്ത കിറ്റിലാണ് 2018ൽ സംസ്ഥാന സർക്കാർ നിരോധിച്ച ബ്രാൻഡിന്റെ വെളിച്ചെണ്ണ ഉൾപ്പെടുത്തിയിരുന്നതായി ആക്ഷേപം ഉയർന്നത്. നേരത്തെ സപ്ലൈക്കോ, ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴിയാണ് കിറ്റുകൾ നൽകിയിരുന്നതെങ്കിൽ ഇത്തവണ സ്വകാര്യ കമ്പനിക്കായിരുന്നു വിതരണചുമതല. ആദിവാസി സെറ്റിൽമെന്റ് ഏരിയയിൽ എത്തിക്കുന്ന കിറ്റുകൾ റേഷൻകാർഡുമായെത്തി വീട്ടുകാർ കൈപ്പറ്റണം. വെളിച്ചെണ്ണയ്ക്കു പുറമെ ചെറുപയർ, പഞ്ചസാര, കടല, തേയില, കറിപൗഡറുകൾ തുടങ്ങിയവയും കിറ്റിൽ ഉൾപ്പെടുത്തിയിരുന്നു.