തൊടുപുറം: വണ്ണപ്പുറം പഞ്ചായത്തിൽ ആറാം വാർഡിൽ 50 വർഷത്തിലേറെയായി താമസിക്കുന്ന കർഷകരെ കുടിയിറക്കാനായി കാളിയാർ റെയിഞ്ച് ഓഫീസർ നൽകിയിരിക്കുന്ന കുടിയിറക്കു നോട്ടീസ് അടിയന്തരമായി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ്(എം )തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുടിയിറക്ക് നീക്കവുമായി വനം വകുപ്പ് മുന്നോട്ടു പോവുകയാണെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകും. ഒരു വർഷത്തിനു മുൻപ് അന്നത്തെ റെയിഞ്ച് ഓഫീസർ ഇത്തരത്തിൽ കുടിയിറക്ക് നോട്ടീസ് നൽകുകയും കേരള കോൺഗ്രസ് എമ്മും ഇടതുപക്ഷ മുന്നണിയിലെ മറ്റു കക്ഷികളും ജനപ്രതിനിധികളും ചേർന്ന് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും പരാതി നൽകിയതിന്റെ ഫലമായി നോഡൽ ഓഫീസറായി പ്രിൻസിപ്പൽ സി.സി.എഫിനെ നിശ്ചയിച്ച് സ്ഥലം സന്ദർശിക്കാൻ ഗവൺമെന്റ് നിർദ്ദേശിക്കുകയും തൽസ്ഥിതി തുടരാൻ സർക്കാർ തീരുമാനമെടുക്കുകയും ചെയ്തതാണ്. യാതൊരു പ്രകോപനവും ഇല്ലാതെ വീണ്ടും ഈ പ്രദേശത്തെ ജനങ്ങൾക്ക് വനവകുപ്പ് കുടിയിറക്ക് നോട്ടീസ് നൽകിയിരിക്കുന്നത് അംഗീകരിക്കാനാവില്ല. പ്രസിഡന്റ് ജിമ്മി മറ്റത്തിപാറ അദ്ധ്യക്ഷത വഹിച്ചു നേതാക്കളായ പ്രൊഫ. കെ ഐ.ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയെടത്ത്, മാത്യു വാരി കാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്.മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണൻ,മനോജ് മാമല, പി ജി ജോയി, സെബാസ്റ്റ്യൻ ആടുകുഴി, ജോൺ കാലായിൽ, ബിജു ഇല്ലിക്കൻ, പി ജി സുരേന്ദ്രൻ, ഡെൻസിൽ വെട്ടിക്കുഴിചാലിൽ, ഷിബു പോത്താനാമുഴി, അബ്രഹാം പള്ളിവാതുക്കൽ, ജോണി മുണ്ടക്കൽ,ചാക്കോ ജോസഫ് കുഴിയാംപ്ലാവിൽ.മനോജ് വണ്ണപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.