ചെറുതോണി: ഇടുക്കി ആർച്ച് ഡാമിന് സമീപത്ത് കൂറ്റൻപാറ അടർന്നുവീണു. ഡാമിന്റെ ഗേറ്റിന് സമീപത്ത് കുറത്തി മലയിൽനിന്നുമാണ് പുലർച്ചെ കൂറ്റൻപാറ അടർന്നുവീണത്.പാറ വന്നു പതിച്ച് ഡാമിന്റെ പ്രവേശന കവാടത്തിനും കേടുപാടുകൾ സംഭവിച്ചു. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്ത് പരിശോധന നടത്തി.
ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയാണ് കുറത്തി മലയിൽ നിന്നും കൂറ്റൻ പാറ അടർന്നുവീണത്. ഡാമിന്റെ കിഴക്ക് ഭാഗത്തെ ഗേറ്റിൽ മുമ്പിൽ വന്നു പതിച്ച പാറ പൊട്ടി തെറിച്ച് ഒരു ഭാഗം ഗേറ്റിന്റെ ഭിത്തിയിൽ ഇടിച്ച് താഴേക്ക് വീണു. പുലർച്ചെ ആയതിനാൽ സമീപത്ത് മറ്റു വാഹനങ്ങൾ ഉണ്ടായിരുന്നില്ല. ഡാമിൽ സന്ദർശനമുള്ള സമയത്തും മറ്റു ദിവസങ്ങളിലും ദൂരെനിന്നുള്ള സന്ദർശകരുടെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ നിരവധി വാഹനങ്ങൾ പതിവായി ഇവിടെ കാണാറുണ്ട്. പാറ വീഴ്ച സമീപവാസികൾക്കും വലിയ ഭീഷണിയായിട്ടുണ്ട്.സമീപത്ത് നിരവധി വീടുകളുണ്ട്. മുകൾഭാഗത്ത് അപകടകരമായ വിധത്തിൽ കൂടുതൽ പാറകൾ ഉണ്ടെന്നും ഇവ പൊട്ടിച്ചു മാറ്റുന്നതുൾപ്പെടെയുള്ള സുരക്ഷാ പ്രവർത്തനങ്ങൾക്ക് അധികൃതർ മുൻകൈയെടുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.