ഇടുക്കി: പെരുവന്താനം പൊലീസ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിക്കിടെ വെടിപൊട്ടിയ സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മോളൈസ് മൈക്കിളിനെയാണ് ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് സസ്‌പെന്റ് ചെയ്തത്. അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്തതിനാണ് നടപടി. ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിസമയത്ത് പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയേറ്റത്. വെടിയൊച്ച കേട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോഴാണ് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മനസിലാകുന്നത്. സംഭവത്തിൽ പീരുമേട് ഡിവൈ.എസ്.പി യോട് ജില്ലാ പൊലീസ് മേധാവി വിശദീകരണം തേടിയിരുന്നു.