വാഴക്കുളം: വിശ്വജ്യോതി എൻജിനിയറിംഗ് കോളേജ് ഐ.ഇ.ഇ.ഇ സ്റ്റുഡന്റ് ബ്രാഞ്ച് പ്രോജക്ടിന് 8.14 ലക്ഷം രൂപ അനുവദിച്ച് ഐ.ഇ.ഇ.ഇ ഹ്യുമാനിറ്റേറിയൻ ടെക്‌നോളജിസ് ടെക് ഫോർ ഗുഡ്. ഇടുക്കി ജില്ലയിലെ മലയോരമേഖലയായ ചിന്നപ്പാറകുടി ആദിവാസി പ്രദേശത്ത് കാർഷികാവശ്യത്തിനും കുടിവെള്ളത്തിനും സൗരോർജം ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പദ്ധതിക്കാണ് തുക അനുവദിച്ചത്. വേനൽക്കാലമാകുമ്പോൾ കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന പ്രദേശവാസികളുടെ ദുരിതം കണക്കിലെടുത്താണ് വിശ്വജ്യോതി ഈ പ്രോജക്ട് ശുപാർശ ചെയ്തത്. 2005 മുതൽ വിശ്വജ്യോതി ഐ.ഇ.ഇ.ഇ സ്റ്റുഡന്റ് ബ്രാഞ്ച് ജനോപകാരപ്രദമായ നിരവധി പ്രോജക്ടുകൾ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും മൂല്യമുള്ള പ്രോജക്ട് ചെയ്യുത്. ഏകദേശം ആറ് മാസം കൊണ്ട് പൂർത്തിയാക്കുന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഈ പദ്ധതിക്കായി ഐ.ഇ.ഇ.ഇ വോളണ്ടിയേഴ്സിന് പ്രോജക്ടുമായി ബന്ധപ്പെട്ട നിരവധി വർക്‌ഷോപ്പുകൾ, സെമിനാറുകൾ, ഹാൻഡ്സ് ഓൺ ട്രെയിനിംഗ്, ഓൺലൈൻ ക്ലാസുകൾ തുടങ്ങിയവ ക്രമീകരിക്കുന്നുണ്ട്. വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളേജിന്റെയും ഐ.ഇ.ഇ.ഇ.എച്ച്.എ.സി സൈറ്റിന്റെയും ആഭിമുഖ്യത്തിലാണ് പ്രോജക്ട് പൂർത്തീകരിക്കുന്നത്.